2022 ഖത്തർ ലോകകപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിച്ചിരിക്കുകയാണ് ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീൽ. നിലവിൽ ജി ഗ്രൂപ്പ് ചാമ്പ്യൻമാരായ കാനറി പടക്ക് കാമറൂണിനെയാണ് ശനിയാഴ്ച നേരിടേണ്ടത്. വിജയം അനിവാര്യമല്ലാത്ത ബ്രസീൽ അതുകൊണ്ട് തന്നെ ടീമിൽ വൻ അഴിച്ചുപണികൾക്ക് മുതിർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ലോകത്തിലെ തന്നെ മികച്ച ഡിഫൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഡാനി ആൽവസായിരിക്കും കാമറൂണിനെതിരെ ബ്രസീലിനെ നയിക്കുക എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എങ്കിൽ ബ്രസീലിനെ ലോകകപ്പിൽ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് ഡാനി ആൽവസിന്റെ പേരിലാകും. നിലവിൽ 38 കാരനായ തിയാഗോ സിൽവയാണ് ബ്രസീലിനെ നയിക്കുന്നത്.
ബാഴ്‌സലോണയുടെ ഇതിഹാസ താരമായിരുന്ന ഡാനി ഇപ്പോൾ മെക്സിക്കൻ ക്ലബ്ബായ ഉനത്തിനായാണ് ബൂട്ട് അണിയുന്നത്. താരത്തിന്റെ അവസാന ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. ചാമ്പ്യൻസ് ലീഗ് അടക്കം പ്രധാനപ്പെട്ട ട്രോഫികൾ മിക്കവയും സ്വന്തമാക്കിയ താരത്തിന്റെ ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരമാണ് ഖത്തറിലേത്.
നിലവിൽ 39 വയസുള്ള ഡാനി ബ്രസീലിന്റെ പ്രതിരോധ നിരയിലെ പ്രധാനപെട്ട സാന്നിധ്യമാണ്. ഡാനിയെ കൂടാതെ ആഴ്സണലിന്റെ സൂപ്പർ താരം മാർട്ടിനെല്ലിക്കും ടിറ്റെ ഫസ്റ്റ് ഇലവനിൽ അവസരം നൽകും എന്നാണ് ആരാധക പ്രതീക്ഷ.
വേഗതയേക്കാൾ ടെക്നിക്കലായി കളിയെ സമീപിക്കാനും മത്സരം റീഡ് ചെയ്യാനും കഴിവുള്ള കളിക്കാരൻ എന്നാണ് ഡാനി ആൽവസിനെ പ്രശംസിച്ച് പത്ര സമ്മേളനത്തിൽ കോച്ച് ടിറ്റെ അഭിപ്രായപ്പെട്ടത്. ഈ ടെക്നിക്കൽ ക്വാളിറ്റി നിലനിർത്താൻ സാധിക്കുന്നത് തന്നെയാണ് ഡാനി ആൽവസിന്റെ നീണ്ട കരിയറിന്റെ രഹസ്യം എന്നും ടിറ്റെ കൂട്ടിച്ചേർത്തു.
നീണ്ട പതിനാറ് വർഷത്തോളം ബ്രസീലിനായി ബൂട്ട് അണിഞ്ഞ താരത്തിന് നൽകാൻ പറ്റിയ മികച്ച യാത്രയയപ്പ് തന്നെയാകും ബ്രസീൽ ലോകകപ്പ്. ഡാനി ആൽവസിനൊപ്പം നിലവിലെ ബ്രസീലിയൻ ക്യാപ്റ്റനായ 38 കാരനായ ചെൽസി താരം തിയാഗോ സിൽവയും ബ്രസീൽ പ്രതിരോധനിരയുടെ പ്രധാനപ്പെട്ട താരമാണ്.
എന്നാൽ ബ്രസീലിന്റെ ഫസ്റ്റ് ഇലവനിൽ ഇപ്പോഴും കളിക്കുന്ന തിയാഗോ സിൽവ പ്രായത്തിന്റെ പരിമിതികളൊന്നും കളിക്കളത്തിൽ പ്രകടമാക്കുന്നില്ല. ഗ്രൂപ്പ് എച്ചിൽ നിന്നുള്ള ടീമുമായിട്ടാകും ബ്രസീലിന് പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടേണ്ടി വരിക. പോർച്ചുഗൽ, ദക്ഷിണകൊറിയ, ഉറുഗ്വേ പോലുള്ള ശക്തരുമായി ബ്രസീൽ റൗണ്ട് ഓഫ് സിക്സ്റ്റീനിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.
Content Highlights:barcelona legend tries to break thiago silva captain record