| Friday, 2nd September 2022, 5:57 pm

ബാഴ്‌സലോണ എന്നെ വഞ്ചിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ബാഴ്‌സ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സമ്മറില്‍ തന്നെ ടീമില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളില്‍ നിരാശനായി ബാഴ്‌സലോണ സൂപ്പര്‍ താരം ജോര്‍ഡി ആല്‍ബ. എറെ കാലമായി ബാഴ്‌സയുടെ ലെഫ്റ്റ് ബാക്ക് കാത്തുസംരക്ഷിച്ച് പോരുന്ന തന്നെ ഒഴിവാക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നുണ്ട് എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

കാറ്റലോണിയ റേഡിയോ പ്രകാരം ബാഴ്‌സ താരത്തെ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന് ഓഫര്‍ ചെയ്തിരുന്നു.

എന്നാല്‍ ബാഴ്‌സ തന്നെ വഞ്ചിച്ചതായാണ് തോന്നുന്നതെന്നായിരുന്നു ജോര്‍ഡി ആല്‍ബയുടെ പ്രതികരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നീണ്ട പത്ത് വര്‍ഷക്കാലത്തോളം ബാഴ്‌സയില്‍ കളിച്ച തന്നോട് ക്ലബ്ബ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2012ല്‍ വലന്‍സിയയില്‍ നിന്നുമായിരുന്നു ആല്‍ബ ബാഴ്‌സയിലെത്തിയത്. അന്നുതൊട്ടിന്നോളം കറ്റാലന്‍മാരുടെ പ്രതിരോധ മതില്‍ കാത്തുസംരക്ഷിക്കുന്നതില്‍ പ്രധാന പങ്കായിരുന്നു താരം വഹിച്ചിരുന്നത്.

ബാഴ്‌സക്കായി 431 മത്സരത്തില്‍ ബൂട്ടണിഞ്ഞ താരം, 25 ഗോളും 94 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സക്കൊപ്പം അഞ്ച് ലാ ലീഗ കിരീടങ്ങളും അഞ്ച് കോപ്പ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പും ചാമ്പ്യന്‍സ് ലീഗും ആല്‍ബ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ 2022-2023 സീസണില്‍ മികച്ച പ്രകടനമല്ല താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. റയോ വല്ലെകാനോക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനങ്ങളും ആല്‍ബക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

അതിന് ശേഷം, യുവതാരമായ അലജാന്‍ഡ്രോ ബാല്‍ഡെയെയായിരുന്നു മാനേജര്‍ സാവി ലെഫ്റ്റ് ബാക്കായി കളത്തിലിറക്കിയത്. ലഭിച്ച അവസരം കൃത്യമായി ഉപയോഗിക്കുന്ന ബാല്‍ഡെ മികച്ച താരമെന്ന രീതിയില്‍ ഇതിനോടകം തന്നെ പേരെടുത്തിട്ടുണ്ട്.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മാര്‍കോസ് അലോണ്‍സോയെ ടീമിലെത്തിച്ചതും ടീമില്‍ ആല്‍ബയുടെ സ്ഥാനത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

Content Highlight: Barcelona legend Jordi Alba says he thinks team has cheated him

Latest Stories

We use cookies to give you the best possible experience. Learn more