| Friday, 29th July 2022, 9:57 pm

ഒരുപാട് താരങ്ങള്‍ വന്നതല്ലെ? ഇനി കുറച്ചുപേരെ പുറത്താക്കാം; സൂപ്പര്‍ ഡിഫന്‍ഡര്‍ ബാഴ്‌സ വിടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചു സീസണിലെ മോശം പ്രകടനത്തില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ. പുതിയ കോച്ച് സാവിയുടെ കീഴില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയടക്കം ഒരുപാട് താരങ്ങളെ ബാഴ്‌സ സ്വന്തമാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലിക്കുന്ന ബാഴ്‌സക്ക് കുറച്ച് താരങ്ങളെ ടീമിന് പുറത്തുവിടേണ്ടതും അത്യാവശ്യമാണ്. അത്തരത്തിലുള്ള അവസ്ഥയില്‍ സാവിയുടെ പദ്ധതികളില്ലാത്ത താരങ്ങള്‍ ടീമില്‍ നിന്നും മാറുന്നുണ്ട്. ഒടുവിലായി ഡിഫന്‍ഡര്‍ താരമായ ഓസ്‌കാര്‍ മിംഗ്വേസയാണ് ബാഴ്സലോണ വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ലാ ലീഗ ക്ലബായ സെല്‍റ്റ വിഗോയാണ് താരത്തെ സ്വന്തമാക്കുന്നത്. താരത്തിന്റെ കൈമാറ്റത്തെ കുറിച്ച് ഇരു ടീമുകളും ധാരണയില്‍ എത്തിയതായി സ്പാനിഷ് മാധ്യമമായ സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം രണ്ടു മില്യണ്‍ യൂറോ ആയിരിക്കും കൈമാറ്റ തുക. ഭാവിയില്‍ താരത്തിന് ലഭിക്കുന്ന കൈമാറ്റ തുകയിലെ ഒരു ഭാഗവും ബാഴ്സക്ക് നേടാന്‍ ആവും.

നാല് വര്‍ഷത്തെ കരാര്‍ ആണ് പ്രതിരോധ താരത്തിന് സെല്‍റ്റ വീഗൊ നല്‍കുക എന്നാണ് സൂചനകള്‍. കൈമാറ്റത്തിന് മിംഗ്വേസയും സമ്മതം മൂളിയിട്ടുണ്ട്. താരവുമായുള്ള ചര്‍ച്ചകളിലേക്ക് സെല്‍റ്റ ഉടനെ കടക്കും. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിരവധി മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാന്‍ ബാഴ്സലോണക്ക് കഴിഞ്ഞെങ്കിലും വിറ്റൊഴിവാക്കാന്‍ നിശ്ചയിച്ച താരങ്ങളില്‍ ഒരാളെ പോലും മറ്റ് ടീമുകളിലേക്ക് കൈമാറാന്‍ ഇതുവരെ ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.

പുതിയ ടീമുകള്‍ തേടാന്‍ നിര്‍ദേശിച്ച താരങ്ങളെ ടീമിന്റെ അമേരിക്കന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മിംഗ്വേസയെ കൈമാറിയാലും നെറ്റോ, ബ്രാത്‌വൈറ്റ്, ഉംറ്റിട്ടി, റിക്കി പുയിഗ് തുടങ്ങിവര്‍ക്കും എത്രയും പെട്ടെന്ന് പുതിയ ക്ലബ്ബ് തേടേണ്ടത് ബാഴ്സലോണയുടെ ആവശ്യമാണ്. പ്രതിരോധ താരമായ മിംഗ്വേസ, ലാ മാസിയയിലൂടെ വളര്‍ന്ന താരമാണ്. യൂത്ത് ടീമുകളിലെ മികച്ച പ്രകടനത്തോടെ സീനിയര്‍ ടീമിലേക്ക് എത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

Content Highlights: Barcelona is selling Oscar Mingueza to Celto Vigo

We use cookies to give you the best possible experience. Learn more