ബാഴ്സലോണയുടെ ഇതിഹാസ പരിശീലകരിലൊരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് പെപ്പ് ഗ്വാർഡിയോള.
പെപ്പിന്റെ കീഴിൽ ബാഴ്സലോണ കളിച്ചിരുന്ന കാലം അവരുടെ ഫുട്ബോൾ കരിയറിലെ തന്നെ സുവർണകാലമായാണ് അറിയപ്പെടുന്നത്.
കുറിയ പാസുകളിലൂടെ കളി മെനയുന്ന ടിക്കി-ടാക്ക ശൈലിയിലും ടോട്ടൽ ഫുട്ബോളിലൂടെയും മൈതാനവും കളി കാണുന്നവരുടെ ഹൃദയവും കീഴടക്കുന്ന കളി ശൈലിയായിരുന്നു പെപ്പിന്റെ കീഴിൽ ബാഴ്സ പുറത്തെടുത്തിരുന്നത്.
പിന്നീട് ബാഴ്സ വിട്ട് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ പെപ്പിന്റെ കീഴിൽ മിന്നും ഫോമിലാണ് സിറ്റി കളിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി ഒഴികേയുള്ള പ്രധാനപ്പെട്ട ടൈറ്റിലുകളെല്ലാം പെപ്പ് സിറ്റിക്ക് നേടിക്കൊടുത്തിട്ടുണ്ട്.
എന്നാൽ ബാഴ്സ വിളിക്കുകയാണെങ്കിൽ താൻ കാറ്റലോണിയൻ ക്ലബ്ബിലേക്ക് മടങ്ങിപ്പോകും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പെപ്പ് ഗ്വാർഡിയോളയിപ്പോൾ.
തന്റെ മുൻ ക്ലബ്ബായ ആഴ്സണലിലേക്ക് പരിശീലകനായി മടങ്ങിയെത്തിയ മൈക്കൽ ആർട്ടറ്റയുടെ തീരുമാനത്തെ പിന്തുണച്ചു കൊണ്ടാണ് ബാഴ്സയിലേക്ക് മടങ്ങിപ്പോകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പെപ്പ് സൂചിപ്പിച്ചത്.
ഗ്വാർഡിയോളയുടെ അസിസ്റ്റന്റായി 2016-2019 സീസണിൽ സിറ്റിയിലുണ്ടായിരുന്ന ആർട്ടറ്റ, പിന്നീട് തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ആഴ്സണലിലേക്ക് പരിശീലകനായി പോവുകയായിരുന്നു ഇതിനെ സമ്പന്ധിച്ച് ഫുട്ബോൾ എസ്പ്യാനിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ചോദ്യം വന്നപ്പോഴായിരുന്നു പെപ്പ് ബാഴ്സയിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
“ആർട്ടെറ്റ എന്റെ അസിസ്റ്റന്റ് ആയിരിക്കുമ്പോൾ ആഴ്സണലിനെതിരെയുള്ള ഗോളുകളെല്ലാം ഞങ്ങൾ പരസ്പരം ആഘോഷിക്കുമായിരുന്നു,’ പെപ്പ് പറഞ്ഞു.
“അദ്ദേഹം ആഴ്സണലിനെ വളരെയേറെ സ്നേഹിക്കുന്നുണ്ട്. എനിക്ക് ബാഴ്സയുമായുള്ള ബന്ധത്തിന് സമാനമാണിത്. ഞാൻ ഒരു അസിസ്റ്റന്റ് കോച്ചായി വർക്ക് ചെയ്യുന്ന സമയത്ത് ബാഴ്സ എന്നെ പരിശീലകനായി വിളിച്ചാൽ തീർച്ചയായും ഞാൻ അങ്ങോട്ട് പോകും. കാരണം അത് എന്റെ ക്ലബ്ബാണ്,’ പെപ്പ് കൂട്ടിച്ചേർത്തു.
അതേസമയം പ്രീമിയർ ലീഗിൽ പെപ്പ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും മൈക്കൽ ആർട്ടെറ്റയുടെ ആഴ്സണലുമാണ് ലീഗ് ടൈറ്റിലിനായി പരസ്പരം മത്സരിക്കുന്നത്.
19 മത്സരങ്ങളിൽ നിന്നും 50 പോയിന്റുമായി ആഴ്സണലാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.
20 മത്സരങ്ങളിൽ നിന്നും 45 പോയിന്റുമായി സിറ്റി ലീഗിലെ രണ്ടാം സ്ഥാനക്കാരാണ്. 38 മത്സരങ്ങളാണ് ഒരു ടീം പ്രീമിയർ ലീഗിൽ മൊത്തത്തിൽ കളിക്കേണ്ടത്.
Content Highlights:Barcelona is my club; I am still ready to go back; Pep Guardiola