| Monday, 10th October 2022, 5:02 pm

ക്യാമ്പ് നൗവിന് പുറത്ത് ഇതിഹാസ താരത്തിന്റെ പ്രതിമ നിർമിക്കാനൊരുങ്ങി ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റ് ഷെർമാങ്ങുമായുള്ള കരാർ അവസാനിക്കാനിരിക്കെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുമെന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. സാമ്പത്തിക പ്രതിബദ്ധത കാരണം താരവുമായുള്ള കരാർ പുതുക്കാൻ കഴിയാതെ വന്നപ്പോൾ ക്ലബ്ബ് വിട്ട് പോകാൻ ബാഴ്‌സ മെസിയെ അനുവദിക്കുകയായിരുന്നു.

2021ൽ ഫ്രീ ട്രാൻസ്ഫറിലൂടെ പി.എസ്.ജിയിലേക്കെത്തിയ താരം മികച്ച പ്രകടനമാണ് ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്. ഒരു വശത്ത് മെസിയുമായുള്ള കരാർ പുതുക്കാൻ പി.എസ്.ജി തയ്യാറെടുത്തിരിക്കുമ്പോൾ മറുവശത്ത് ക്ലബ്ബിലേക്കുള്ള വാതിലുകൾ താരത്തിനായി തുറന്നിട്ടിരിക്കുകയാണ് ബാഴ്‌സ.

എന്നാൽ കുട്ടിക്കാലം മുതൽ രണ്ട് പതിറ്റാണ്ട് കാലം ബാഴ്‌സക്കായി ബൂട്ടണിയുകയും തന്റെ തന്ത്രങ്ങളിലൂടെയും കഠിന പ്രയത്‌നത്തിലൂടെയും ക്ലബ്ബിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഇതിഹാസ താരത്തിന്റെ പ്രതിമ നിർമിക്കാനൊരുങ്ങുകയാണ് ബാഴ്‌സ. ക്യാമ്പ് നൗ സ്റ്റേഡിയത്തിന്റെ മുന്നിലാണ് ലയണൽ മെസിയുടെ സ്റ്റാച്ച്യൂ നിർമിക്കുക. ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ടയാണ് തീരുമാനം ആരാധകരെ അറിയിച്ചത്.

2004ൽ ബ്ലൂഗ്രാനയിൽ അരങ്ങേറ്റം കുറിച്ച ശേഷം മെസി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടി ക്ലബ്ബിന്റെ എക്കാലത്തെയും ടോപ്പ് സ്‌കോററായി. 10 ലാ ലിഗ കിരീടങ്ങളും നാല് യുവേഫ ചാമ്പ്യൻസ് ലീഗ് ജയങ്ങളും ഉൾപ്പെടെ 35 ട്രോഫികളാണ് ക്ലബ്ബിന് വേണ്ടി നേടിയത്. ഇത്രയും നേട്ടം സംഭാവന ചെയ്തതിന് താരത്തിനോടുള്ള ആദരവായാണ് പ്രതിമ നിർമിക്കാൻ ബാഴ്‌സ തീരുമാനമെടുത്തത്. ബാഴ്സലോണയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് ലാപോർട്ട വിവരം പുറത്തുവിട്ടത്.

ഈ സീസണിലെ 13 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് മെസി പി.എസ്.ജിക്കായി സംഭാവന ചെയ്തത്. താരത്തിന് വേണ്ടി ക്ലബ്ബുകൾ ഇരു വശത്തായി കാത്തിരിക്കുന്നുണ്ടെങ്കിലും ഖത്തർ വേൾഡ് കപ്പ് അവസാനിക്കുന്നത് വരെ ഏത് ക്ലബ്ബിന് വേണ്ടി സൈൻ ചെയ്യുമെന്ന തന്റെ തീരുമാനം അറിയിക്കാൻ ഒരുക്കമല്ലെന്ന് അറിയിച്ചിരിക്കുകയാണ് മെസി.

Content Highlights: Barcelona is about to build a statue of Lionel Messi in front of Camp Nou stadium

We use cookies to give you the best possible experience. Learn more