കഴിഞ്ഞ ദിവസം ലാലിഗയില്‍ നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. ഷെറാള്‍ഡോ ബെക്കര്‍ 33ാം മിനിട്ടില്‍ നേടിയ ഏക ഗോളിന്റെ പിന്‍ബലത്തിലാണ് സോസിഡാഡിന്റെ വിജയം.
മത്സരത്തില്‍ ബാഴ്‌സ വമ്പന്‍ന്മാരെ നോക്കുകുത്തിയാക്കിയാണ് എതിരാളികള്‍ കരുക്കള്‍ മെനഞ്ഞത്. മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെക്കാനും ആധിപത്യം പുലര്‍ത്താനും കഴിഞ്ഞെങ്കിലും ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും എത്തിക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല. ഇതോടെ ലീഗില്‍ രണ്ടാം തോല്‍വി വഴങ്ങാനും കാറ്റാലന്‍മാര്‍ നിര്‍ബന്ധിതരായി.
എന്നാല്‍ തോല്‍വിക്ക് ശേഷവും ബാഴ്‌സ ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ബാഴ്‌സയുടെ മികച്ച താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ലാമിന്‍ യമാലും ടീമില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പരിക്ക് മൂലമാണ് ഇരുവരേയും ടീമിന് നഷ്ടമായത്.
ഈ സീസണിലെ കോച്ച് ഹാന്‍സി ഫ്‌ലിക്കിന്റെ വജ്രായുധങ്ങളാണ് ഇരുവരും. കഴിഞ്ഞ ദിവസം ഫിസിക്കല്‍സ് നടത്തിയ പരിശോധനയില്‍ ലാമിന്‍ യമാലിന് കണങ്കാലിന് പരിക്കേറ്റതിനാല്‍ മൂന്നാഴ്ച വരെ ടീമില്‍ നിന്ന് പുറത്താകുമെന്നാണ് ക്ലബ് പുറത്ത് വിട്ടത്. ലെവന്‍ഡോവ്സ്‌കിക്ക് അരക്കെട്ടിനേറ്റ പരിക്ക് കാരണം 10 ദിവസത്തേക്ക് വിശ്രമം നല്‍കും.
ബാഴ്‌സയുടെ അടുത്ത മത്സരം സെല്‍റ്റ വിഗോയോടാണ്. നവംബര്‍ 24നാണ് മത്സരം. ഈ മത്സരത്തിന് മുന്നോടിയായി ഇരുവരും കളത്തില്‍ ഇറങ്ങുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നിലവില്‍ ലാലിഗയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ.
13 മത്സരങ്ങളില്‍ നിന്ന് 11 വിജയവും രണ്ട് തോല്‍വിയുമടക്കം 33 പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം 27 പോയിന്റാണ് സ്വന്തമാക്കിയത്. അത്‌ലറ്റിക്കോ മാഡ്രിഡ് 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവുമായി 26 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും ഉണ്ട്.
Content Highlight: Barcelona Have Big Setback After Big Lose Against Real Sociedad