| Wednesday, 28th August 2024, 4:06 pm

ടേബിള്‍ ടോപ്പറായിട്ടും ബാഴ്‌സലോണയ്ക്ക് തിരിച്ചടി!

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയിലെ വമ്പന്‍മാരായ ബാഴ്‌സലോണയും റയോ വെല്ലെസാനോയും തമ്മിലുള്ള മത്സരം ഇന്നലെ എസ്റ്റാഡിയോ ഡി വെല്ലെക്കാസില്‍ നടന്നിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മിന്നും വിജയം സ്വന്തമാക്കി പോയിന്റ് ടേബിളില്‍ മുന്നിലെത്താന്‍ ടീമിന് സാധിച്ചിരിക്കുകയാണ്.

മൂന്ന് മത്സരത്തില്‍ നിന്ന് മൂന്ന് വിജയം സ്വന്തമാക്കി ഒമ്പത് പോയിന്റാണ് ടീമിനുള്ളത്. വിജയം സ്വന്തമാക്കിയെങ്കിലും ബാഴ്‌സലോണയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.ടീമിലെ 28ാം നമ്പറുകാരനായ യുവതാരം മാര്‍ക്ക് ബെര്‍ണലിന് പരിക്ക് പറ്റുകയായിരുന്നു.

മത്സരത്തിലെ പരിക്ക് കാരണം ദീര്‍ഘകാലം കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടീമിന്റെ കരുത്തനായ റൈറ്റ് വിങ് മിഡ്ഫീല്‍ഡറാണ് താരം. മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ എതിര്‍ ടീമിലെ ഇസി പലോസോണുമായുള്ള അപ്രതീക്ഷിത കൂട്ടിയിടിയില്‍ താരത്തിന്റെ എ.സി.എല്ലിന് പരിക്ക് പറ്റുകയായിരുന്നു.

പരിക്ക് ഗുരുതരമാണെന്നാണ് നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എ.സി.എല്ലിന് കാര്യമായ പരിക്ക് സംഭവിച്ചതായിട്ടിണ് ബാര്‍സലോണ ഡ്രസിങ് റൂമിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ദിയാരിയോ സ്പോര്‍ട്ടിലെ ബ്ലൂഗ്രാന ഇന്‍സൈഡര്‍ ടോണി ജുവാന്‍മാര്‍ട്ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നിരുന്നാലും താരത്തിന്റെ പരിക്കില്‍ ബാഴ്സയുടെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. തുടക്കത്തില്‍ തന്നെ പരിക്കിന്റെ പിടിയിലായ താരം ഇനി കളത്തിലെത്തുമോ എന്നത് സംശയമാണ്.

Content Highlight: Barcelona Have Big Setback

We use cookies to give you the best possible experience. Learn more