സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണക്കെതിരെ അഴിമതിയാരോപണം. റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ എന്‍ റിക്വേസ് നെഗ്രെയ്‌റക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നാണ് ആരോപണം. മത്സര ഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ ബാഴ്‌സ പണം നല്‍കി റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.
2001നും 2018നും ഇടയിലാണ് പണമിടപാട് നടന്നതെന്ന് സ്‌കൈ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. നെഗ്രെയ്‌റക്ക് പുറമെ കറ്റാലന്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമാരായ സാന്‍ഡ്‌റോ റോസെല്‍, ജോസപ് മരിയ ബാര്‍ത്തോമ്യു എന്നിവരും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റ് രണ്ട് ബാഴ്‌സലോണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നെഗ്രെയ്റയുടെ ബാങ്കിടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത സീസണിലെ ബാഴ്‌സയുടെ യൂറോപ്യന്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്. സമാന സാഹചര്യത്തില്‍ ഒരു വര്‍ഷം വരെയാണ് യുവേഫ വിലക്കേര്‍പ്പെടുത്താറുള്ളത്.
എന്നാല്‍ അഴിമതിയാരോപണം ബാഴ്സലോണ നിഷേധിച്ചു. റഫറിമാരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് പുതിയ കാര്യമല്ലെന്നും പുറത്തുനിന്ന് വിദഗ്ധരെ പണം നല്‍കി നിയോഗിക്കുന്നത് പ്രൊഫഷണല്‍ ഫുട്ബോളില്‍ സാധാരണമാണെന്നുമാണ് ബാഴ്‌സലോണയുടെ പ്രതികരണം.
അതേസമയം, സ്പാനിഷ് ലീഗില്‍ റയലിനെക്കാള്‍ ഒമ്പത് പോയിന്റ് ലീഡുമായി കുതിക്കുന്ന ബാഴ്സലോണ ലാലിഗയില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. റയലിനെ തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പും ഈ സീസണില്‍ ബാഴ്സ നേടിയിരുന്നു.