ലാ ലിഗയിലെ പുതിയ സീസണില്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബാഴ്‌സലോണ. റയോ വല്ലോക്കാനെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കറ്റാലന്‍മാര്‍ പരാജയപ്പെടുത്തിയത്. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സ സ്പാനിഷ് ലീഗില്‍ ഒരു സീസണിന്റെ ആദ്യ മൂന്ന് മത്സരങ്ങളും തുടര്‍ച്ചയായി വിജയിക്കുന്നത്. ഇതിനുമുമ്പ് അത്‌ലറ്റിക്ക് ക്ലബ്ബിനെതിരെയും വലന്‍സിയക്കെതിരെയുമാണ് ബാഴ്‌സ വിജയിച്ചത്.
ഇതിന് മുമ്പ് 2018-19 സീസണില്‍ വാല്‍വെര്‍ദെയുടെ കീഴിലായിരുന്നു ബാഴ്‌സ ഇത്തരത്തില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയത്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ സ്വപ്നതുല്യമായ തുടക്കമാണ് സ്പാനിഷ് വമ്പന്മാര്‍ക്ക് ലഭിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടങ്ങള്‍ ജര്‍മന്‍ പരിശീലകന്റെ കീഴില്‍ ബാഴ്‌സലോണ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതേസമയം മത്സരം തുടങ്ങി ഒമ്പതാം മിനിട്ടില്‍ തന്നെ ഉനായ് ലോപസിലൂടെ റയോ വല്ലേക്കാനോയാണ് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ആദ്യപകുതി എതിരില്ലാത്ത ഒരു ഗോളിന് വല്ലേക്കാനോ മുന്നിട്ടുനിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കറ്റാലന്മാര്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു.
രണ്ടാം പകുതിയില്‍ 60ാം മിനിട്ടില്‍ പെഡ്രിയിലൂടെ ബാഴ്‌സ സമനില പിടിച്ചു. ഒടുവില്‍ 82ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ ഡാനി ഓല്‍മോയിലൂടെ ബാഴ്‌സ വിജയഗോള്‍ നേടുകയായിരുന്നു. ഈ സീസണിലാണ് ഡാനി ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്‌സിക്കില്‍ നിന്നും ബാഴ്‌സയിലെത്തിയത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സ്പാനിഷ് താരം ഗോള്‍ നേടിയത് ഏറെ ശ്രദ്ധേയമായി.
മത്സരത്തിൽ ശക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നത് ഫ്‌ലിക്കും സംഘവുമായിരുന്നു. 65 ബോള്‍ പൊസഷന്‍ ബാഴ്‌സയുടെ അടുത്തായിരുന്നു. 22 ഷോട്ടുകളാണ് സ്പാനിഷ് വമ്പന്മാര്‍ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ അഞ്ച് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് എട്ട് ഷോട്ടുകള്‍ ഉതിര്‍ത്ത വല്ലേക്കാനോ നാലെണ്ണവും ലക്ഷ്യത്തിലെത്തിച്ചു.
നിലവില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ട് ഒമ്പത് പോയിന്റോടെ ലാ ലിഗയില്‍ ഒന്നാം സ്ഥാനത്താണ് കറ്റാലന്‍മാര്‍. ഓഗസ്റ്റ് 31ന് വല്ലാഡോലിഡിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഒളിമ്പിക് ലൂയിസ് കോമ്പനീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Barcelona Hatric Wins in La Liga