| Wednesday, 13th September 2023, 7:36 pm

ബാഴ്‌സലോണ മെസിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്; അദ്ദേഹം തിരിച്ചുവരും: സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിയുമ്പോള്‍ ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരാര്‍ സംബന്ധ തടസങ്ങളെ തുടര്‍ന്ന് മെസിക്ക് ബാഴ്സയുമായി സൈനിങ് നടത്താന്‍ സാധിച്ചിരുന്നില്ല. ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്.

മെസി ബാഴ്സയിലേക്ക് മടങ്ങാത്തതില്‍ നിരാശ പ്രകടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണ ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ. മെസി മറ്റേതെങ്കിലും റോളില്‍ ബാഴ്സയിലേക്ക് മടങ്ങുമെന്നാണ് താന്‍ കരുതുന്നതെന്നും ബാഴ്സലോണ മെസിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും ആ്രേന്ദ പറഞ്ഞു. ഗോള്‍ ഇറ്റാലിയയോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസി തീര്‍ച്ചയായും ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായിരുന്നു. ചിലപ്പോള്‍ അദ്ദേഹം മറ്റേതെങ്കിലും റോളില്‍ ബാഴ്സയിലേക്ക് മടങ്ങിവരുമെന്നാണ് എനിക്ക് തോന്നുന്നത്. ബാഴ്സലോണ അദ്ദേഹത്തിന്റെ ക്ലബ്ബാണ്. തീര്‍ച്ചയായും ബാഴ്സ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഇവിടെയുള്ളയാളുകള്‍ മെസിയെ വളരെയധികം സ്നേഹിക്കുന്നുണ്ട്,’ ആന്ദ്രേ പറഞ്ഞു.

അമേരിക്കന്‍ ലീഗിലേക്ക് ചേക്കേറിയ മെസി തകര്‍പ്പന്‍ പ്രകടനമാണ് ഇന്റര്‍ മയാമിക്കായി കാഴ്ചവെക്കുന്നത്. താരത്തിന്റെ പ്രവേശനത്തോടെ അപരാജിത കുതിപ്പ് തുടരുകാണ് അമേരിക്കന്‍ ക്ലബ്ബ്.

കഴിഞ്ഞ ദിവസം ബാലണ്‍ ഡി ഓറിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചിരുന്നു. 30 താരങ്ങളെയാണ് അവസാന ഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.

Content Highlights: Barcelona goal keeper expects Lionel Messi’s return

Latest Stories

We use cookies to give you the best possible experience. Learn more