ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിയുമ്പോള്‍ ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരാര്‍ സംബന്ധ തടസങ്ങളെ തുടര്‍ന്ന് മെസിക്ക് ബാഴ്സയുമായി സൈനിങ് നടത്താന്‍ സാധിച്ചിരുന്നില്ല. ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്.
മെസി ബാഴ്സയിലേക്ക് മടങ്ങാത്തതില്‍ നിരാശ പ്രകടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണ ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ. മെസി മറ്റേതെങ്കിലും റോളില്‍ ബാഴ്സയിലേക്ക് മടങ്ങുമെന്നാണ് താന്‍ കരുതുന്നതെന്നും ബാഴ്സലോണ മെസിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും ആ്രേന്ദ പറഞ്ഞു. ഗോള്‍ ഇറ്റാലിയയോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മെസി തീര്‍ച്ചയായും ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായിരുന്നു. ചിലപ്പോള്‍ അദ്ദേഹം മറ്റേതെങ്കിലും റോളില്‍ ബാഴ്സയിലേക്ക് മടങ്ങിവരുമെന്നാണ് എനിക്ക് തോന്നുന്നത്. ബാഴ്സലോണ അദ്ദേഹത്തിന്റെ ക്ലബ്ബാണ്. തീര്‍ച്ചയായും ബാഴ്സ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഇവിടെയുള്ളയാളുകള്‍ മെസിയെ വളരെയധികം സ്നേഹിക്കുന്നുണ്ട്,’ ആന്ദ്രേ പറഞ്ഞു.
തന്റെ മുന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം അതീവ സന്തോഷവാനായാണ് മെസിയെ കാണപ്പെടുന്നത്. താരം മയാമിയിലെത്തിയതിന് ശേഷം ക്ലബ്ബിന് ലീഗ്‌സ് കപ്പ് നേടാന്‍ സാധിച്ചിരുന്നു. മെസി മയാമിക്കായി കളിച്ച 11 മത്സരങ്ങളിലും ജയം മയാമിക്കൊപ്പമായിരുന്നു.
Content Highlights: Barcelona goal keeper about Lionel Messi’s return