അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സയിലേക്ക് മടങ്ങി വരാന്‍ ഇനിയും സാധ്യതകളുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റ് യോണ്‍ ലപോർട്ട. ലാസ് വേഗസില്‍ വെച്ച് നടന്ന ബാഴ്‌സലോണ – റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോയ്ക്ക് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ലപോർട്ട ഇക്കാര്യം പറഞ്ഞത്.
ബാഴ്‌സലോണയില്‍ മെസിയുടെ ദിനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും താരം ടീമിനൊപ്പം മടങ്ങിയെത്തുമെന്നുമായിരുന്നു ലപോർട്ടപറഞ്ഞത്.
പ്രമുഖ കായികമാധ്യമമായ മാര്‍ക്കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ലയണല്‍ മെസിയുടെ ബാഴ്‌സലോണയിലെ കഥ ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. ആ അധ്യായം ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്.
Barcelona president Laporta tells @carodelas on ESPN: “I think, hope that Leo Messi story with Barcelona is not over yet. It’s still open, it’s our responsibility to make sure it has a more beautiful ending than it was”. 🚨🇦🇷 #FCB
നേരത്തെ നടന്നതിനേക്കാള്‍ മികച്ച ഒരു അവസാനം ആ കഥയ്ക്ക് ഉണ്ടാകുമെന്നുറപ്പാക്കേണ്ടത് ഒരു ക്ലബ്ബ് എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്,’ ലപോർട്ട പറയുന്നു.
മെസി ക്ലബ്ബ് വിട്ടതില്‍ തനിക്ക് വളരെയധികം സങ്കടമുണ്ടെന്നും താന്‍ മെസിയോട് കടപ്പെട്ടവനാണെന്നും ലപോർട്ട പറഞ്ഞു.
‘ബാഴ്‌സലോണയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അവനോട് ചെയ്യേണ്ടത് എന്താണോ അത് ചെയ്‌തെന്ന് ഞാന്‍ കരുതുന്നു. ബാഴ്‌സയുടെ പ്രസിഡന്റ് എന്ന നിലയിലും വ്യക്തിപരമായും ഞാന്‍ മെസിയോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തലമുറമാറ്റത്തിന്റെ എല്ലാ ആവേശവും ഉള്‍ക്കൊണ്ടായിരുന്നു ബാഴ്സ എല്‍ ക്ലാസിക്കോയില്‍ കളംനിറഞ്ഞു കളിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം.