ലാ ലീഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കറ്റാലന്‍മാര്‍ മല്ലാര്‍ക്കയെ തോല്‍പിച്ചതിന് പിന്നാലെ ട്വിറ്ററില്‍ പോര്‍മുഖം തുറന്ന് ബാഴ്‌സലോണ ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സ മല്ലാര്‍ക്കയെ മലര്‍ത്തിയടിച്ചത്.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സക്കായി വീണ്ടും ഗോള്‍ നേടിയത്. സീസണില്‍ പോളിഷ് ഇന്റര്‍നാഷണല്‍ നേടുന്ന 12ാം ഗോളാണിത്.
ലാ ലീഗയിലെ ഏഴ് മത്സരത്തില്‍ നിന്നും ഒമ്പത് ഗോളാണ് താരം സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് നേടാനുള്ള മത്സരത്തില്‍ താരം ബഹുദൂരം മുമ്പിലാണ്.
കഴിഞ്ഞ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടിയത് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം കരീം ബെന്‍സെമയായിരുന്നു. എന്നാല്‍ ഈ സീസണില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. പരിക്ക് തന്നെയാണ് താരത്തിന് വെല്ലുവിളിയാവുന്നത്.
ബെന്‍സെമക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതും എന്നാല്‍ മറുവശത്ത് ലെവന്‍ഡോസ്‌കി ഗോളടി ശീലമാക്കിയതും ബാഴ്‌സ ആരാധകര്‍ക്ക് നല്‍കുന്ന ആവേശം ചില്ലറയല്ല. കഴിഞ്ഞ മത്സരത്തിലും ലെവയുടെ ബൂട്ടില്‍ നിന്ന് മറ്റൊരു ഗോള്‍ കൂടി പിറന്നതോടെ ആരാധകര്‍ ബെന്‍സെമയെ വെല്ലുവിളിച്ചെത്തിയിരിക്കുകയാണ്.
ലെവന്‍ഡോസ്‌കി ബെന്‍സെമയേക്കാള്‍ എത്രയോ മികച്ച താരമാണെന്നും ബെന്‍സെമ ലെവന്‍ഡോസ്‌കി കളിക്കുന്നത് നോക്കി പഠിക്കണമെന്നും ആരാധകര്‍ പറയുന്നു.
ഇതോടെ വീണ്ടും ലെജന്‍ഡറി എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. റയലില്‍ നിന്ന് ക്രിസ്റ്റിയാനോയും ബാഴ്‌സയില്‍ നിന്ന് മെസിയും പടിയിറങ്ങിയതോടെ എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്ക് പഴയ ആവേശമില്ലെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍.
എന്നാല്‍ റയലില്‍ ബെന്‍സെമ തന്റെ അപ്രമാദിത്യം തുടരുകയും ബാഴ്‌സയില്‍ ലെവന്‍ഡോസ്‌കി യുഗം തുടങ്ങുകയും ചെയ്തതോടെയാണ് മെസി – റൊണാള്‍ഡോ ക്ലാസിക് റൈവല്‍റി പോലെ ലെവന്‍ഡോസ്‌കി – ബെന്‍സെമ പോരാട്ടത്തെ ആരാധകര്‍ നോക്കിക്കാണുന്നത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ വിജയത്തിന് പിന്നാലെ റയലിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ബാഴ്‌സക്കായി. ഏഴ് മത്സരത്തില്‍ നിന്നും ആറ് ജയവും ഒരു സമനിലയുമടക്കം 19 പോയിന്റാണ് ബാഴ്‌സക്കുള്ളത്.