| Monday, 13th February 2023, 8:12 am

'പുതിയ മെസി' അവതരിച്ചു ബാഴ്സലോണ യുവതാരത്തെ പുകഴ്ത്തി ആരാധകർ രംഗത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

തിങ്കളാഴ്ച നടന്ന ലാ ലിഗ മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സ വിയ്യാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തിരുന്നു. സ്പാനിഷ് യുവതാരമായ പെഡ്രി മത്സരം 18മിനിട്ട് പിന്നിട്ടപ്പോൾ നേടിയ ഗോളിലാണ് ബാഴ്സലോണ കളിയിൽ വിജയിച്ചത്.

ഗോൾ നേടിയതിനപ്പുറം മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച 20കാരൻ താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ആരാധകർ.

വിയ്യാറയലിനെതിരെ നേടിയ ഗോളോടെ ഈ സീസണിൽ ഇതുവരെ 29 മത്സരങ്ങളിൽ നിന്നും ഏഴ് തവണ എതിരാളികളുടെ വല കുലുക്കാൻ താരത്തിനായി.

പ്രായത്തെക്കാളേറെ കഴിവും പക്വതയും കളിക്കളത്തിൽ പ്രകടിപ്പിക്കാൻ സാധിക്കുന്ന താരം എന്ന നിലക്കാണ് പെഡ്രി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

വിയ്യാറയലിനെതിരെ ഗോൾ കൂടി സ്കോർ ചെയ്ത് ടീമിനെ വിജയിപ്പിക്കാൻ സാധിച്ചതോടെ പെഡ്രി ടീമിലെ ‘പുതിയ മെസി’യാണ് എന്നഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഒരു വിഭാഗം ബാഴ്സ ആരാധകർ. വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് ഇവർ താരത്തിന് ആശംസകൾ നേരുന്നത്.

എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ലാ ലിഗയിൽ മിന്നുന്ന പ്രകടനമാണ് ബാഴ്സലോണ കാഴ്ചവെക്കുന്നത്. നിലവിൽ 21 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളുമായി 56 പോയിന്റുകളാണ് ടീം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ 11 പോയിന്റ് മുന്നിലാണിപ്പോൾ ബാഴ്സലോണ.

ലീഗിൽ പുലർത്തുന്ന ഈ അപ്രമാധിത്യം തുടരാനായാൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ലീഗ് ടൈറ്റിൽ തിരിച്ചു പിടിക്കാൻ ബാഴ്സക്ക് സാധിക്കും.

ഫെബ്രുവരി 16ന് ഇന്ത്യൻ സമയം രാത്രി 11:15 ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ യൂറോപ്പ ലീഗ് ക്വാളിഫയറാണ് ബാഴ്സയുടെ അടുത്ത മത്സരം. കളിയിൽ വിജയിക്കാൻ സാധിച്ചാൽ ക്ലബ്ബിന് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാം.

Content Highlights:barcelona fans said young star pedri is the next messi

We use cookies to give you the best possible experience. Learn more