കഴിഞ്ഞ ദിവസം ലാലിഗയില്‍ വമ്പന്‍ തോല്‍വിയാണ് സ്പാനിഷ് കരുത്തരായ
റയല്‍ മാഡ്രിഡ് ഏറ്റുവാങ്ങിയത്. ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള ഗിറോണയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് തോറ്റത്.
അപ്രതീക്ഷിത തോല്‍വി ലാലിഗ കിരീടം നേട്ടം എന്ന ലക്ഷ്യത്തിലേക്കുള്ള റയല്‍ മാഡ്രിഡിന്റെ മോഹത്തിന് തിരിച്ചടിയായിട്ടുണ്ട്. 31 മത്സരത്തില്‍ 20 വിജയവും ആറ് തോല്‍വിയും അഞ്ച് സമനിലയുമായി പോയിന്റ് ടേബിളില്‍ രണ്ടാമതാണിപ്പോള്‍ റയല്‍. 30 മത്സരങ്ങളില്‍ 24 വിജയവും നാല് സമനിലയും രണ്ട് തോല്‍വിയുമുള്ള ബാഴ്‌സലോണയാണ് ടേബിളില്‍ ഒന്നാമതുള്ളത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ റയല്‍ തോറ്റത് ബാഴ്‌സക്ക് കൂടുതല്‍ ആശ്വാസമായിട്ടുണ്ട്. റയലിനേക്കാള്‍ ഒരു മത്സരം പിന്നിലുള്ള ബാഴ്‌സ അവരെക്കാള്‍ 11 പോയിന്റ് മുന്നിലാണ് നിലവില്‍.
പോയിന്റ് ടേബിളിലെ ഈ കണക്കുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ഗിറോണയോടുള്ള മത്സരത്തില്‍ ഗ്യാലറിയില്‍ കണ്ട ഒരു കൗതുക കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഗിറോണയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ അവരുടെ കാണികള്‍ക്കിടയില്‍ ഒരു ബാഴ്സ ആരാധകര്‍ റയലിന്റെ തോല്‍വി ആഘോഷിക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്.
മൈതാനത്ത് ബാഴ്‌സയുടെ ചിരവൈരികളായി കണക്കാക്കുന്ന റയലിന്റെ തോല്‍വി ആഘോഷിക്കുന്ന ആരാധകന്‍ ഏതായാലും വൈറലാകുകയാണ്. പ്രമുഖ സ്‌പോര്‍ട് സൈറ്റായ ഇ.എസ്.പിഎന്‍ അടക്കം ഇയാളുടെ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ അടുത്തുനില്‍ക്കെയാണ് റയലിന്റെ ഈ അപ്രതീക്ഷിത തോല്‍വി. ഗിറോണയുടെ അര്‍ജന്റൈന്‍ താരമായ വാലന്റൈന്‍ കാസ്റ്റെലാനോസിന്റെയാണ് റയലിന്റെ വല നാല് തവണ കുലുക്കിയത്. 12, 14, 46, 62 മിനുട്ടുകളിലായിരുന്നു വാലന്റൈന്റെ ഫയറിങ്.