| Thursday, 27th October 2022, 9:18 am

ചരിത്രത്തിലെ വിനാശകാരിയായ കളിക്കാരന്‍, അയാളില്ലായിരുന്നില്ലെങ്കില്‍ ബാഴ്‌സലോണക്കീ ഗതി വരില്ലായിരുന്നു; പ്രതിഷേധവുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്ക് ബാഴ്‌സലോണയെ കീഴടക്കിയത്. ആദ്യ പകുതിയില്‍ തന്നെ ബയേണ്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നു.

കളിയുടെ 10ാം മിനിട്ടില്‍ സാദിയോ മാനെ ആണ് ബയേണിനായി ആദ്യ ഗോള്‍ നേടിയത്. ചൂപ്പോ മോട്ടിങ്ങും ബെഞ്ചമിന്‍ പവാര്‍ഡും ജര്‍മ്മന്‍ വമ്പന്മാര്‍ക്കായി ഓരോ ഗോള്‍ വീതം നേടി.

തുടര്‍ന്ന് തോല്‍വിയോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായ ബാഴ്സ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.

കളിയിലുടനീളം ബയേണ്‍ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും ബാഴ്‌സക്ക് ഗോളാക്കാന്‍ ലഭിച്ച രണ്ടവസരങ്ങള്‍ പാഴായി പോവുകയായിരുന്നു.

അതിനെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ബാഴ്‌സലോണയിലേക്ക് പുതുതായി സൈനിങ് നടത്തിയ ഹെക്ടര്‍ ബെല്ലറിനെതിരെയാണ് ട്വിറ്ററില്‍ ആക്രമണം.

മത്സരത്തില്‍ സെര്‍ജി റോബര്‍ട്ടോയുടെ അഭാവത്തില്‍ ബെല്ലറിനാണ് റൈറ്റ് ബാക്കില്‍ കളിച്ചത്. തുടര്‍ന്ന് അസിസ്റ്റ് നല്‍കുന്ന കാര്യത്തില്‍ ബെല്ലറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ബാഴ്‌സക്ക് രണ്ട് ഗോളുകള്‍ നഷ്ടമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ക്യാമ്പ് നൗവില്‍ ഇന്ററിനെ നേരിട്ടപ്പോള്‍ ബാഴ്‌സ സമനില വഴങ്ങിയതാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

അഞ്ചാംറൗണ്ടില്‍ ദുര്‍ബലരായ വിക്ടോറിയക്ക് ഇന്ററിനെ പിടിച്ചുകെട്ടാനാകാതെ വന്നതോടെ തുടര്‍ച്ചയായ രണ്ടാം സീസണിലും കറ്റാലന്മാര്‍ക്ക് നാണക്കേട് വന്നുചേരുകയായിരുന്നു.

ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ വിക്ടോറിയ പ്ലാസനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച ഇന്റര്‍ മിലാന്‍ ബയേണിനൊപ്പം നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുകയായിരുന്നു.

ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍ 15 പോയിന്റുമായി ബയേണ്‍ ചാമ്പ്യന്‍മാരായപ്പോള്‍ രണ്ടാമതുള്ള ഇന്ററിന് 10 പോയിന്റാണുള്ളത്. മൂന്നാമതുള്ള ബാഴ്‌സ വെറും നാല് പോയിന്റിലൊതുങ്ങി.

2019-20 സീസണിലെ ചാമ്പ്യന്‍സ് ലീഗിലും തോല്‍വി വഴങ്ങിയായിരുന്നു ബാഴ്‌സലോണ മടങ്ങിയത്. അന്നും ബയേണ്‍ തന്നെയായിരുന്നു എതിരാളികള്‍.

ലയണല്‍ മെസിയുടെ കരിയറിലെ ഏറ്റവും വലിയ നാണക്കേടായിരുന്നു ആ മത്സരം. രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്‍മാര്‍ ബാഴ്‌സയെ തൂത്തുവാരിയത്.

ഇതിഹാസ താരം സാവി ചുമതലയേറ്റെടുത്തതോടെ ടീമിനെ അഴിച്ചുപണിതെങ്കിലും ലാ ലിഗയിലെ നേട്ടം ചാമ്പ്യന്‍സ് ലീഗില്‍ ആവര്‍ത്തിക്കാനായില്ല.

Content Highlights: Barcelona fans blaming the player after the loss against bayern munich

We use cookies to give you the best possible experience. Learn more