കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയോ വല്ലെകാനോയാണ് ബാഴ്‌സയെ തോല്‍പ്പിച്ചത്. വല്ലെകാനോക്കായി അല്‍വാരോ ഗാര്‍ഷ്യയും ഫ്രാന്‍ ഗാര്‍ഷ്യയും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സക്കായി ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിന് ശേഷം രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബ്ലൂഗ്രാന ആരാധകര്‍. റഫീഞ്ഞയുടെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണമെന്നും അദ്ദേഹം വഞ്ചകനാണെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. വല്ലെകാനോയ്‌ക്കെതിരെ റഫീഞ്ഞക്ക് കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
‘റഫീഞ്ഞയെ ഉടന്‍ പുറത്താക്കണം, അവന്‍ നമ്മുടെ ശത്രുവാണ്’ അവനോടെ ഇപ്പോള്‍ തന്നെ ക്ലബ്ബ് വിട്ട് പോകാന്‍ പറയണം’ എന്നിങ്ങനെ പോകുന്നു ട്വിറ്ററില്‍ താരത്തിന് നേരെയുള്ള പ്രതിഷേധം.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബ്രസീലിയന്‍ താരം ലീഡ്‌സ് യുണൈറ്റഡില്‍ നിന്ന് ബാഴ്‌സലോണയിലേക്കെത്തിയത്. എന്നാല്‍ ബാഴ്‌സയുടെ പ്രതീക്ഷക്കൊത്തുയരാന്‍ താരത്തിന് സാധിച്ചില്ല. ബ്ലൂഗ്രാനക്കായി ഇതുവരെ കളിച്ച മത്സരങ്ങളില്‍ 43 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളും 10 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.
വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണ റഫീഞ്ഞയെ പുറത്താക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസിയെ ക്ലബ്ബില്‍ തിരിച്ചെത്തിക്കാന്‍ പദ്ധതിയിടുന്നതിനാല്‍ റഫീഞ്ഞയടക്കം ചില താരങ്ങളെ ക്ലബ്ബ് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. ഈ സീസണില്‍ ഇതുവരെ കളിച്ച 31 മത്സരങ്ങളില്‍ നിന്ന് 76 പോയിന്റാണ് ബാഴ്‌സലോണ അക്കൗണ്ടിലാക്കിയിരിക്കുന്നത്. അതേസമയം, ഇത്രതന്നെ മത്സരങ്ങളില്‍ നിന്ന് 20 ജയവുമായി 11 പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡ് ആണ്.
ഏപ്രില്‍ 30ന് റിയല്‍ ബെറ്റിസുമായാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.