ലാ ലിഗയില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഗ്രനാഡയുമായി സമനില വഴങ്ങിയിരുന്നു. ബാഴ്‌സലോണക്കായി ലാമിന്‍ യമല്‍, സെര്‍ജി റോബേര്‍ട്ടോ എന്നീ താരങ്ങള്‍ ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ഗ്രനാഡക്കായി ബ്രയാന്‍ സരഗോസ മാര്‍ട്ടിനെസ് ഇരട്ട ഗോള്‍ നേടി.
രണ്ടാം പാദത്തിന്റെ ഇഞ്ച്വറി ടൈമില്‍ ജാവോ കാന്‍സലോയില്‍ നിന്ന് പാസ് സ്വീകരിച്ച ജാവോ ഫെലിക്‌സ് പന്ത് വലയിലെത്തിച്ചിരുന്നു. മത്സരം 3-2ന് ബാഴ്‌സ വിജയിച്ചെന്നുറപ്പിച്ചിടത്ത് നിന്ന് വാര്‍ പരിശോധിച്ച റഫറി ഫെലിക്‌സിന്റെ ഗോള്‍ ഓഫ് സൈഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ബാഴ്‌സലോണ ആരാധകര്‍. തങ്ങള്‍ വഞ്ചിക്കപ്പെട്ടതാണെന്നും റഫറി തങ്ങളോട് ഭിന്നത കാട്ടിയെന്നുമാണ് ബാഴ്‌സലോണ ആരാധകര്‍ എക്‌സില്‍ കുറിച്ചത്.
റഫറിമാരാല്‍ വഞ്ചിക്കപ്പെടുന്നത് കൊണ്ടാണ് തങ്ങള്‍ക്ക് ജയിക്കാന്‍ സാധിക്കാത്തതെന്നും ആരാധകരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മത്സരം ആരംഭിച്ച് ഒരു മിനിട്ട് പിന്നിട്ടപ്പോഴാണ് ബ്രയാന്‍ ഗ്രനാഡക്കായി അക്കൗണ്ട് തുറന്നത്. ഗ്രനാഡക്കായി ലീഡെടുത്ത ബ്രയാന്‍ 29ാം മിനിട്ടില്‍ രണ്ടാമത്തെ ഗോളും തൊടുത്തു.
ശക്തമായ പോരാട്ടത്തിനൊടുവില്‍ ആദ്യ പാദം അവസാനിച്ച് ഒരു മിനിട്ട് പിന്നിട്ടപ്പോഴായിരുന്നു 16കാരന്‍ ലാമിന്‍ യമല്‍ ബാഴ്‌സലോണക്കായി ആദ്യ ഗോള്‍ നേടുന്നത്.
ലാ ലിഗയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം നേടുന്ന ഗോള്‍ എന്ന പ്രത്യേകതയുണ്ടതിന്. 85ാം മിനിട്ടില്‍ ക്യാപ്റ്റന്‍ സെര്‍ജി റോബേര്‍ട്ടോ വല കുലുക്കിയതോടെ മത്സരം 2-2 എന്ന നിലയിലായി.
സീസണില്‍ ഇതുവരെ നടന്ന ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും മൂന്ന് സമനിലയുമായി 21 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. റയല്‍ മാഡ്രിഡും ജിറോണ എഫ്.സിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഒക്ടോബര്‍ 23ന് അത്‌ലെറ്റിക് ക്ലബ്ബിനെതിരെ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Content Highlights: Barcelona fans against Referee after the draw with Granada FC