മൊറോക്കന്‍ സൂപ്പര്‍താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ
Football
മൊറോക്കന്‍ സൂപ്പര്‍താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd March 2023, 10:44 am

ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളില്‍ ഒരാളാണ് മൊറോക്കയുടെ സോഫ്യന്‍ അംറബാത്. ലോകകപ്പില്‍ മൊറോക്കയുടെ മധ്യനിരയെ ചലനാത്മകമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. സെമി ഫൈനലിന് മുമ്പ് അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് മൊറോക്കോ വഴങ്ങിയത്.

വേള്‍ഡ് കപ്പിന് ശേഷം മൂല്യമുയര്‍ത്തിയ താരത്തെ സ്വന്തമാക്കാന്‍ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അവയിലേറ്റവും മുന്നില്‍ എഫ്.സി ബാഴ്‌സലോണയാണ്. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ താരത്തെ സൈന്‍ ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ബാഴ്‌സ നടത്തിയിരുന്നെങ്കിലും സോഫ്യന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്‌സ ഒരിക്കല്‍ കൂടി ശ്രമം നടത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

എ.സി മിലാനില്‍ നിന്ന് ബാഴ്‌സലോണയിലേക്കെത്തിയ കെസ്സിക്ക് പകരക്കാരനായാണ് അംറബാതിനെ ബാഴ്‌സ ക്ലബ്ബിലെത്തിക്കുന്നത്. ബാഴ്‌സക്കായി കളിച്ച 28 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് കെസ്സി അക്കൗണ്ടിലാക്കിയത്.

യൂറോപ്പാ ലീഗില്‍ ബാഴ്‌സലോണ എഫ്.സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങിയതോടെയാണ് ക്ലബ്ബില്‍ അഴിച്ചുപണികള്‍ നടത്താന്‍ ബാഴ്‌സ പദ്ധതിയിടുന്നത്.

ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പാ ലീഗില്‍ നിന്നും പുറത്തായതോടെ് കെസ്സിയടക്കം ചില താരങ്ങളെ വില്‍ക്കാന്‍ ബാഴ്‌സ തീരുമാനിക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചിരുന്നു. മാഡ്രിഡില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ പിറന്ന സെല്‍ഫ് ഗോള്‍ ആണ് ബാഴ്‌സക്ക് വിജയം നല്‍കിയത്.
മാര്‍ച്ച് 19ന് ക്യാമ്പ് നൗവില്‍ വെച്ചാണ് രണ്ടാം പാദ മത്സരം.

Content Highlights: Barcelona emerged with late interest in Sofyan Amrabat