ബാഴ്‌സക്ക് ഞെട്ടൽ; കറ്റാലൻപടയെ പൂട്ടിയത് 15ാം സ്ഥാനക്കാർ
ലാ ലിഗയിൽ നടന്ന ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണക്ക് സമനിലകുരുക്ക്. 15ാം സ്ഥാനക്കാരായ മല്ലാർക്കയാണ് ബാഴ്‌സയെ സമനിലയിൽ പൂട്ടിയത്. ഇരുടീമുകളും രണ്ട് ഗോളുകൾ നേടി പിരിയുകയായിരുന്നു.
മല്ലാർക്കയുടെ ഹോം ഗ്രൗണ്ടായ ഐബറോസ്റ്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മല്ലാർക്കയാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ എട്ടാം മിനിട്ടിൽ വേദാട് മുർകി ആണ് ലീഡ് നേടിയത്. ബാഴ്‌സ ഗോൾ കീപ്പർ ടെർ സ്റ്റിഗന്റെ പിഴവിൽ നിന്നും പെനാൽട്ടി ബോക്സിൽ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു.
മത്സരത്തിന്റെ 41ാം മിനിട്ടിൽ റാഫിഞ്യയിലൂടെ ബാഴ്‌സ മറുപടി നൽകി. പെനാൽട്ടി ബോക്സിന്റെ പുറത്ത് നിന്നും താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
എന്നാൽ ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിലെ അവസാനനിമിഷത്തിൽ ആതിഥേയർ വീണ്ടും മുന്നിലെത്തി. അബ്‌ഡോൺ പ്രറ്റ്സ് ആണ് ഗോൾ നേടിയത്. ബാഴ്സ പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മുർകി നൽകിയ പാസ് പ്രെറ്റ്സ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഇതോടെ ആദ്യ പകുതി പിന്നിട്ടപ്പോൾ ആതിഥേയർ 2-1ന് മുന്നിട്ട് നിന്നു. രണ്ടാം പകുതിയിൽ സമനില ഗോളിനായി നിരന്തരം അക്രമം നടത്തിയ ബാഴ്‌സ 75ാം മിനിട്ടിൽ ഫെമിൻ ലോപ്പസിലൂടെ ഒപ്പം എത്തുകയായിരുന്നു. പെനാൽട്ടി ബോക്സിനുള്ളിൽ നിന്നും താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.
ത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ മല്ലാർക്ക താരം പാബ്ലോ മഫിയൊ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയെങ്കിലും ടീം പ്രതിരോധത്തിൽ ഉറച്ചു നിന്നു. അവസാന നിമിഷം വരെ ഇരുടീമും വിജയഗോളിനായി നിരന്തരം അക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇരുടീമും ഓരോ പോയിന്റ് വീതം കൈമാറുകയായിരുന്നു.
സമനിലയിൽ കുരുങ്ങിയെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താനും കറ്റാലൻമാർക്ക് സാധിച്ചു. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും രണ്ട് സമനിലയുമടക്കം 17 പോയിന്റാണ് ബാഴ്‌സക്കുള്ളത്.
അതേസമയം ആറ് പോയിന്റുമായി 15ാം സ്ഥാനത്താണ് മല്ലാർക്ക.
ലാ ലിഗയിലെ അടുത്ത മത്സരത്തിൽ സെപ്റ്റംബർ 30ന് കറ്റാലൻമാർ സെവിയ്യയെ നേരിടും.
അതേ ദിവസം തന്നെ നടക്കുന്ന മത്സരത്തിൽ മല്ലാർക്കക്ക് റയോ വല്ലോക്കാനെ ആണ് എതിരാളികൾ.
Content Highlight: Barcelona draw 2-2 with Mallorca in La Liga