| Friday, 13th September 2024, 9:13 am

അവൻ ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറും: മുൻ ബാഴ്സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് സൂപ്പര്‍താരം ലാമിന്‍ യമാലിന്റെ കഴിവിനെക്കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സലോണ ഡയറക്ടറും മുൻ ബാഴ്സ താരവുമായ ഡെക്കോ. മറ്റ് താരങ്ങളില്‍ നിന്നും യമാലിനെ വ്യത്യസ്തനാക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഡെക്കോ പറഞ്ഞത്. ബാഴ്‌സ യൂണിവേഴ്‌സലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാങ്കേതികമായ കഴിവിനേക്കാള്‍ യമാല്‍ മാനസികമായി വളരെ ശക്തനാണ്. ഈ കാര്യമാണ് അവനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. വലിയ മത്സരങ്ങളില്‍ ബാഴ്‌സക്കായും ദേശീയ ടീമിനായും കളിക്കുമ്പോള്‍ അവന് വലിയ സമ്മര്‍ദം ഉണ്ടാവില്ല. അതുകൊണ്ട് തന്നെ അവന്‍ ബാഴ്‌സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവും,’ ഡെക്കൊ പറഞ്ഞു.

നിലവില്‍ ബാഴ്സലോണക്ക് വേണ്ടി തകര്‍പ്പന്‍ ഫോമിലാണ് യമാല്‍ കളിക്കുന്നത്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ സ്പാനിഷ് ലീഗില്‍ ഈ സീസണില്‍ നാല് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ യമാല്‍ ഒരു ഗോളും നാല് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

നിലവില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലും വിജയിച്ചുകൊണ്ട് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സ്പാനിഷ് വമ്പന്‍മാര്‍. സെപ്റ്റംബര്‍ 15നാണ് ഹാന്‍സി ഫ്ളിക്കും സംഘവും ലാ ലീഗയിലെ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. അഞ്ചാം സ്ഥാനക്കാരായ ജിറോണയാണ് ബാഴ്സയുടെ എതിരാളികള്‍. ജിറോണയുടെ തട്ടകമായ മോണ്ട്വില്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ സ്പെയ്നിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് യമാല്‍. ഈ ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പാനിഷ് യുവതാരം നേടിയത്.

യൂറോകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്പെയ്ന്‍ തങ്ങളുടെ ചരിത്രത്തിലെ നാലാം യൂറോ കിരീടം സ്വന്തമാക്കിയത്.

നേഷന്‍സ് ലീഗില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഓരോ വീതം ജയവും സമനിലയുമായി നാല് പോയിന്റാണ് സ്പാനിഷ് പടയുടെ അക്കൗണ്ടിലുള്ളത്. സെര്‍ബിയക്കെതിരെയുള്ള ആദ്യം മത്സരം ഗോള്‍ രഹിത സമനിലയായപ്പോള്‍ രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു യൂറോചാമ്പ്യന്‍മാരുടെ തിരിച്ചുവരവ്.

Content Highlight: Barcelona Director Talks About Lamine Yamal

We use cookies to give you the best possible experience. Learn more