ലയണല്‍ മെസി ബാഴ്‌സലോണ സന്ദര്‍ശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കന്നതിനാണ് താരം തന്റെ പഴയ തട്ടകത്തിലേക്കെത്തിയതെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ബാഴ്‌സലോണ ഡയറക്ടര്‍ മതിയു അലേമാനി. അദ്ദേഹത്തിന് ബാഴ്‌സലോണയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അവിടെ കുറച്ചു ദിവസം ചിലവഴിച്ച് മടങ്ങുകയായിരുന്നെന്നും അലെമാനി പറഞ്ഞു.
‘ഞങ്ങള്‍ക്ക് മെസിയുമായി ഒരു കോണ്ടാക്ടും ഉണ്ടായിട്ടില്ല. അദ്ദേഹം ബാഴ്‌സലണോയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു. കുറച്ചുദിവസം ഇവിടെ ചെലവഴിക്കുകയും ചെയ്തു. പക്ഷെ ഞങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല,’ മതിയു അലെമാനി പറഞ്ഞു.
അതേസമയം, വരുന്ന ജൂണ്‍ മാസത്തില്‍ മെസിയുടെ പാരിസ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുകയാണ്. ഇതോടെ ഫ്രീ ഏജന്റായി മാറുന്ന മെസി ഇനി എങ്ങോട്ട് ചേക്കേറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ലോകം.
ജൂണിന് മുമ്പ് മെസിയുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ ഫ്രീ ഏജന്റ് എന്ന നിലയിലേക്ക് മാറുന്ന മെസിയെ സ്വന്തമാക്കാനായി ഇന്റര്‍ മിയാമി, ബാഴ്സലോണ, അല്‍ ഹിലാല്‍ അടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താരം വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ മെസി താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.