ന്യൂകാമ്പ്: ഇതാണ് ബാഴ്‌സലോണ, ഏല്ലാം അവസാനിച്ചെന്ന് കരുതിയിടത്ത് ഞെട്ടിച്ചു കൊണ്ട് ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്ബാഴ്‌സ.പി.എസ്.ജിയെ പരാജയപ്പെടുത്തിയിരിക്കുന്നത് 6-1 എന്ന കൂറ്റന്‍ സ്‌കോറിനാണ്.
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവിനാണ് ഇന്നലെ ന്യൂകാമ്പ് സാക്ഷ്യം വഹിച്ചത്. ഇരുപാദങ്ങളിലുമായി 6-5 ന് പാരീസ് സെന്റ് ജര്‍മെയ്‌നെ പരാജയപ്പെടുത്തി ബാഴ്‌സ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
എവെ മത്സരത്തിലെ 4-0 എന്ന നാണം കെട്ട സ്‌കോറുമായാണ് പി.എസ്.ജിയ്‌ക്കെതിരെ കറ്റാലന്‍ പട കളത്തിലിറങ്ങിയത്. തിരിച്ചു വരവ് സ്വപ്നം കാണാന്‍ പോലും യോഗ്യതയില്ലായിരുന്നു. ഒടുവില്‍ സെര്‍ജി റോബര്‍ട്ടോ വിജയമുറപ്പിച്ച ഗോള്‍ വലയിലെത്തിച്ചപ്പോള്‍ ന്യൂകാമ്പ് പൊട്ടിത്തെറിക്കുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. ആവേശം ഗ്യാലറിയും കടന്ന് പ്രസ് ബോക്‌സിലും അലയടിച്ചു.
നാലു ഗോളുകളുടെ തോല്‍വിയില്‍ നിന്നും തിരിച്ചു വരുന്ന, ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ, ആദ്യ ടീമാണ് ബാഴ്‌സ. അവസാനത്തെ മൂന്ന് ഗോളുകളും പിറന്നത് മത്സരം അവശേഷിക്കാന്‍ മിനുറ്റുകള്‍ മാത്രം അകലെയുള്ളപ്പോഴായിരുന്നു എന്നതാണ് മത്സരത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്.
ടോട്ടല്‍ സ്‌കോര്‍ 5-3 ല്‍ എത്തി നില്‍ക്കെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറായിരുന്നു ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെയായിരുന്നു നെയ്മറുടെ ഗോള്‍. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം സ്വാരസ് നേടിയെടുത്ത പെനാല്‍റ്റി ഗോളാക്കി മാറ്റി വീണ്ടും നെയ്മര്‍ ബാഴ്‌സയെ മുന്നിലെത്തിച്ചു. സ്‌കോര്‍ 5-5. ചരിത്ര വിജയം മുന്നില്‍ കണ്ട ബാഴ്‌സ പ്രതിരോധനിരയെ മുന്നോട്ട് കയറ്റി, ഗോള്‍കീപ്പര്‍ സ്റ്റെഗനും മുന്നോട്ട് കയറി ചെന്ന് കളിക്കാന്‍ തുടങ്ങി. ഒടുവില്‍ നെയ്മറുടെ പാസ് ഗോളാക്കി മാറ്റി റോബര്‍ട്ടോ ബാഴ്‌സയ്ക്ക് നൂറ്റാണ്ടിന്റെ വിജയം സമ്മാനിക്കുകയായിരുന്നു.