ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ സൈന്‍ ചെയ്യിക്കുന്നതിനായി ബാഴ്‌സലോണ വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി പി.എസ്.ജിയുമായി ധാരണയിലെത്തിയെന്നും എന്നാല്‍ സൈനിങ്ങുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബീഇന്‍ സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2017ലാണ് ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജി 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകക്ക് നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. നിലവില്‍ പാരീസിയന്‍ ക്ലബ്ബില്‍ നെയ്മറുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
2025 വരെ ക്ലബ്ബുമായി താരത്തിന് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ പി.എസ്.ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.
നെയ്മറെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്‌കൈ സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം നെയ്മറിന് പി.എ.സ്ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുള്ളതിനാല്‍ താരത്തെ സ്വന്തമാക്കുന്നതിന് ചെല്‍സിക്ക് വലിയ തുക ചെലവാക്കേണ്ടി വരും. താരവുമായുള്ള സൈനിങ്ങിന് മറ്റ് തടസങ്ങളൊന്നുമില്ലാത്ത പക്ഷം ബ്രസീല്‍ സൂപ്പര്‍താരത്തെ ബ്ലൂസ് സ്വന്തമാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Content Highlights: Barcelona continue discussions with PSG to sign with Neymar Jr