ലീഗിലെ ഒന്നാം സ്ഥാനം തുടരണം; മുൻ റയൽ മാഡ്രിഡ്‌ താരത്തെ റാഞ്ചാൻ ബാഴ്സലോണ
football news
ലീഗിലെ ഒന്നാം സ്ഥാനം തുടരണം; മുൻ റയൽ മാഡ്രിഡ്‌ താരത്തെ റാഞ്ചാൻ ബാഴ്സലോണ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th February 2023, 8:03 am

സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ തങ്ങളുടെ അപ്രമാദിത്യം തുടരാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ.
നിലവിൽ എട്ട് പോയിന്റ് വ്യത്യാസത്തിൽ റയൽ മാഡ്രിഡിനെ പിന്തള്ളി പോയിന്റ് ടേബിളിൽ ഒന്നാമതുള്ള  ബാഴ്സ ലീഗ് ടൈറ്റിൽ നേടാൻ ലക്ഷ്യമിട്ട് വലിയ സൈനിങ്ങുകൾ നടത്താൻ പദ്ധതികളിടുന്നുണ്ട്.

നിലവിൽ യുവന്റസിന്റെ താരമായ മുൻ റയൽ മാഡ്രിഡ് വിങ്ങർ ഏഞ്ചൽ ഡി മരിയയെ ബാഴ്സ ടീമിലെത്തിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടുട്ടോമെർകാറ്റോവെബ്ബാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

വരുന്ന ട്രാൻസ്ഫർ ജാലകത്തിലായിരിക്കും കാറ്റലോണിയൻ ക്ലബ്ബിലേക്ക് ഡി മരിയ എത്തുക എന്നാണ് ടുട്ടോമെർകാറ്റോവെബ്ബിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

2022 ലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ നിന്നും ഡി മരിയ യുവന്റസിലേക്ക് ചേക്കേറിയത്.
19 മത്സരങ്ങളിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബിനായി മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് ഡി മരിയയുടെ സമ്പാദ്യം.

ഡെമ്പലെയും റാഫീഞ്ഞയും നയിക്കുന്ന ബാഴ്സയുടെ വിങ്ങുകളിൽ അവർക്ക് പറ്റിയ പകരക്കാരനെ കണ്ടെത്താനുള്ള ബാഴ്സയുടെ ശ്രമങ്ങളാണ് ഡി മരിയയിൽ എത്തിനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടോറസിലും അൻസു ഫാറ്റിയിലും തൃപ്തരല്ലാത്ത മാനേജ്മെന്റ് അതിനാൽ തന്നെ ഡി മരിയയെ ക്യാമ്പ് ന്യൂവിലെത്തിക്കാൻ വലിയ പ്രാധാന്യമാണ് നൽകുന്നത്.

190 കളികൾ റയലിനായി കളിച്ച് 36 ഗോളുകളും 85 അസിസ്റ്റും നേടി ലാ ലിഗയിൽ കൈ വരിച്ച പരിചയ സമ്പത്തും ഡി മരിയയുടെ ബാഴ്സ സൈനിങ്ങിന് കാരണമായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനാൽ തന്നെയാണ് സാധാരണ റയലിൽ കളിച്ചിട്ടുള്ള താരങ്ങളെ ടീമിലെടുക്കാത്ത ബാഴ്സ ഡി മരിയയുടെ കാര്യത്തിൽ ആ പതിവ് തെറ്റിക്കാൻ ശ്രമിക്കുന്നതും.

അതേസമയം ലാ ലിഗയിൽ 22 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളോടെ 59 പോയിന്റുകളാണ് ബാഴ്സ നേടിയത്. ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയലിന് അത്ര തന്നെ മത്സരങ്ങളിൽ നിന്നും 51 പോയിന്റുകളുണ്ട്.

ഫെബ്രുവരി 24 ന് യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Barcelona consider try to sign Angel Di Maria