| Sunday, 6th November 2022, 11:36 am

ബാഴ്‌സയുടെ ഇതിഹാസമാണ്, എല്ലാത്തിനും ഞങ്ങള്‍ ഹൃദയം കൊണ്ട് കടപ്പെട്ടിരിക്കുന്നു; കോച്ച് സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെ. അപ്രതീക്ഷിതമായി ബാഴ്സയില്‍ നിന്ന് പുറത്തുപോകുന്ന കാര്യം താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

ശനിയാഴ്ച യു.ഡി അല്‍മേരിയയും ബാഴ്‌സലോണയും തമ്മില്‍ നടന്ന ലാ ലിഗ മത്സരം ജെറാര്‍ഡ് പിക്വെയുടെ കരിയറിലെ അവസാനത്തെ മത്സരമായിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്‌സ അല്‍മേരിയെ കീഴ്‌പ്പെടുത്തിയത്.

പിക്വെയുടെ അവസാന മത്സരമായതിനാല്‍ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു സ്റ്റേഡിയം സാക്ഷിയായത്. പതിനായിരങ്ങള്‍ തിങ്ങിക്കൂടിയ സ്റ്റേഡിയത്തില്‍ നിന്ന് കണ്ണീരോടെയാണ് പിക്വെ വിടവാങ്ങിയത്.

ഇപ്പോള്‍ താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബാഴ്‌സലോണ സൂപ്പര്‍ കോച്ച് സാവി ഹെര്‍ണാണ്ടസ്.

ജെറാര്‍ഡ് പിക്വെ ബാഴ്‌സയുടെ ഇതിഹാസ താരമാണെന്നും ക്ലബ്ബിന്റെ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിനായിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ഞങ്ങള്‍ക്ക് പറ്റുന്നത് പോലെയെല്ലാം പിക്വെയുടെ യാത്രയയപ്പിനായി ചെയ്തിട്ടുണ്ട്. ബാഴ്‌സയില്‍ ഉണ്ടായിരുന്ന കാലയളവിനുള്ളില്‍ അദ്ദേഹമെന്താണെന്ന് ഞങ്ങള്‍ക്ക് കാണിച്ചു തന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് മുമ്പും പറഞ്ഞിട്ടുണ്ട്,

അദ്ദേഹം ബാഴ്‌സലോണയുടെ ഇതിഹാസമാണെന്ന്. പിക്വെ ബാഴ്‌സക്കായി ചെയ്തതിനെല്ലാം ഞങ്ങള്‍ ഹൃദയം കൊണ്ട് കടപ്പെട്ടിരിക്കുന്നു,’ സാവി പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നായിരുന്നു പിക്വെ കറ്റാലന്‍മാരുടെ പടക്കളത്തിലെത്തിയത്. ബാഴ്‌സയിലെത്തിയ പിക്വെ ടീമിനായി 653 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. 53 ഗോളും 15 അസിസ്റ്റും താരം ബാഴ്സക്കായി നേടിയിട്ടുണ്ട്.

ബാഴ്‌സയുടെ നിരവധി ടൈറ്റില്‍ വിന്നിങ് ക്യാമ്പെയ്‌നുകളിലും പിക്വെ ഭാഗമായിരുന്നു. ലാ ലീഗ, ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് തുടങ്ങി എണ്ണമറ്റ കിരീടങ്ങളില്‍ ബാഴ്‌സ മുത്തമിട്ടപ്പോളെല്ലാം തന്നെ പിക്വെയുടെ സാന്നിധ്യം ടീമിനൊപ്പമുണ്ടായിരുന്നു.

സാവിയുടെ കീഴില്‍ ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. മത്സരങ്ങളില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വന്നതാണ് പിക്വെയുടെ വിടവാങ്ങല്‍ പെട്ടെന്നായത്.

അതേസമയം ഭാവിയില്‍ താന്‍ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്നാണ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പിക്വെ പറഞ്ഞത്.

Content Highlights: Barcelona coach Xavi Hernandez speaks about Gerard Pique

We use cookies to give you the best possible experience. Learn more