ഖത്തറിൽ ഫുട്ബോൾ മാമാങ്കം അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വേൾഡ് ഫേവറിറ്റുകളുടെ പ്രവചനവും സജീവമാണ്. വേൾഡ് കപ്പിന്റെ ആവേശം അലയടിക്കുമ്പോൾ അർജന്റീനക്കും ബ്രസീലിനുമാണ് ആരാധകരേറെ.
ആരാധകരിൽ പലരും കിരീട സാധ്യത കൽപ്പിക്കുന്നത് അർജന്റീനക്കും ബ്രസീലിനുമാണ്. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനും ഏറെ ആരാധകരുണ്ട്.
അതേസമയം യൂറോപ്പ്യൻ വമ്പൻമാരായ സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെയും നെഞ്ചിലേറ്റുന്നവർ നിരവധിയാണ്. ഇത്തവണ ശകത്മായ പോരാട്ടങ്ങളാണ് അരങ്ങേറാനിരിക്കുന്നത്.
ഈ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരവും നിലവിൽ ബാഴ്സലോണയുടെ പരിശീലകനുമായ സാവി ഹെർണാണ്ടസ്.
ലാറ്റിൻ അമേരിക്കൻ ടീമുകളായ അർജന്റീനയും ബ്രസീലും തന്നെയാണ് സാവിയുടെ ലിസ്റ്റിൽ ആദ്യം ഇടംപിടിച്ചിരിക്കുന്നത്. മറ്റു ടീമുകളെ അപേക്ഷിച്ച് ഇരു ടീമുകളും മികച്ച രീതിയിൽ തയ്യാറെടുത്ത് കഴിഞ്ഞു എന്നാണ് സാവി പറഞ്ഞത്.
‘ലോകകപ്പ് നേടാൻ അർഹരായിരിക്കുന്ന രണ്ട് ടീമുകൾ അർജന്റീനയും ബ്രസീലുമാണ്. മറ്റു ടീമുകളെ അപേക്ഷിച്ച് ഈ രണ്ട് ടീമുകളും വേൾഡ് കപ്പിന് തയ്യാറെടുത്തു കഴിഞ്ഞു എന്നാണ് ഞാൻ മനസിലാക്കുന്നത്.
യൂറോപ്പ്യൻ ടീമുകളെക്കാൾ കൂടുതൽ ഇവർ സജ്ജരാണ്. തീർച്ചയായും ഫ്രാൻസും ഇംഗ്ലണ്ടും സ്പെയിനുമൊക്കെ കരുത്തരായ ടീമുകൾ തന്നെയാണ്. പക്ഷേ അവരെക്കാളുമൊക്കെ കരുത്ത് അർജന്റീനക്കും ബ്രസീലിനും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,‘ സാവി വ്യക്തമാക്കി.
ശക്തമായ ടീമുമായാണ് അർജന്റീനയും ബ്രസീലും ഇത്തവണ ലോകകപ്പിനായി ഖത്തറിലെത്തുക. അർജന്റീനക്ക് വേണ്ടി ലയണൽ മെസി പട നയിക്കുമ്പോൾ നെയ്മർ ജൂനിയറാണ് ബ്രസീലിന്റെ താരം. ഇത്തവണ കിരീട പോരാട്ടം കടുത്തതാവും എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.
Content Highlights: Barcelona coach Xavi Hernandez says Argentina and Barcelona are the best teams in world cup