| Friday, 10th March 2023, 8:08 am

രണ്ട് താരങ്ങളെ പുറത്താക്കി മെസിയെ ക്ലബ്ബിലെത്തിക്കും; ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്തായതോടെ ബാഴ്‌സയുടെ പുതിയ നീക്കം

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ മുന്‍ താരം ലയണല്‍ മെസിയെ ക്ലബ്ബിലെത്തിക്കാനുള്ള പ്രതീക്ഷയിലാണ്. താരം ബാഴ്‌സയിലേക്ക് തിരികെയെത്താന്‍ സാധ്യതകള്‍ കൂടുതലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനുവേണ്ടി നിലവില്‍ ടീമിലുള്ള രണ്ട് താരങ്ങളെ ബാഴ്‌സ വില്‍ക്കാന്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സ്പാനിഷ് മാധ്യമമായ എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം റഫീഞ്ഞയെയും അന്‍സു ഫാറ്റിയെയും വില്‍ക്കാനാണ് ബാഴ്‌സയുടെ തീരുമാനം. ഈ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കാന്‍ ബാഴ്‌സ തീരുമാനിച്ചത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങിയ പി.എസ്.ജി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് മെസിക്ക് നേരെ ഉയരുന്നത്. വരുന്ന ജൂണില്‍ പാരീസിയന്‍സുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം പി.എസ്.ജിയില്‍ തുടരാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തുടര്‍ന്നാണ് ബാഴ്‌സ മെസിക്കായി വീണ്ടും രംഗത്തെത്തിയത്. നേരത്തെ മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. റഫീഞ്ഞയെയും അന്‍സുഫിനെയും വിറ്റ് കിട്ടുന്ന പണം മെസിയെ വാങ്ങുന്നതിനായി ബാഴ്‌സ വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ലീഡ്സില്‍ നിന്നെത്തിയതിന് ശേഷം താരത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നതല്ല എന്നതിനാലാണ് റഫീഞ്ഞയെ വിട്ടയക്കാന്‍ ബാഴ്സ തീരുമാനിച്ചത്. 33 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മാത്രമാണ് റഫീഞ്ഞ ബാഴ്സക്കായി നേടിയത്.

മെസിയുടെ പത്താം നമ്പര്‍ ജേഴ്സിയിലെത്തിയ താരമായിരുന്നു അന്‍സു ഫാറ്റി. പരിക്കുകളെ തുടര്‍ന്ന് താരത്തിനും ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ബാഴ്സക്കായി കളിച്ച 34 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് ഫാറ്റി അക്കൗണ്ടിലാക്കിയത്.

Content Highlights: Barcelona brings Lionel Messi back

We use cookies to give you the best possible experience. Learn more