യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ പാരീസ് സെയ്ന്റ് ജെര്‍മെനെതിരെ ബാഴ്‌സലോണയ്ക്ക് ആവേശകരമായ വിജയം. ഫ്രഞ്ച് വമ്പന്‍മാരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്.
ജയത്തോടൊപ്പം മത്സരത്തില്‍ ഒരു ചരിത്രംനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സലോണ താരം പൊ കുബാര്‍സി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡിഫന്‍ഡര്‍ എന്ന നേട്ടമാണ് പൊ കുബാര്‍സി സ്വന്തമാക്കിയത്. 17 വയസും 79 ദിവസവും പ്രായമുള്ളപ്പോഴാണ് പൊ കുബാര്‍സി കറ്റാലന്‍മാര്‍ക്ക് വേണ്ടി കളത്തിലിറങ്ങിയത്.
പാരീസിന്റെ തട്ടകമായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 37ാം മിനിട്ടില്‍ റാഫീനയിലൂടെ ബാഴ്‌സലോണയാണ് ആദ്യം ലീഡ് നേടിയത്. ആദ്യപകുതി എതിരില്ലാത്ത ഒരു ഗോളിന് സന്ദര്‍ശകര്‍ സ്വന്തമാക്കുകയായിരുന്നു.
രണ്ടാം പകുതിയിലായിരുന്നു മത്സരം കൂടുതല്‍ ആവേശകരമായി മാറിയത്. 48ാം മിനിട്ടില്‍ ഉസ്മാനെ ഡെമ്പലയിലൂടെ ഹോം ടീം മറുപടി ഗോള്‍ നേടുകയായിരുന്നു. രണ്ട് മിനിട്ടുകള്‍ക്ക് ശേഷം വിറ്റിന്‍ഹയിലൂടെ പാരീസ് വീണ്ടും മുന്നിലെത്തി. 62ാം മിനിട്ടില്‍ റാഫിഞ്ഞോ വീണ്ടും ബാഴ്‌സലോണയെ മത്സരത്തില്‍ ഒപ്പം എത്തിച്ചു. 77ാം മിനിട്ടില്‍ ആന്‍ഡ്രേസ് ക്രിസ്റ്റന്‍സന്‍ ആണ് സന്ദര്‍ശകര്‍ക്കായി വിജയഗോള്‍ നേടിയത്.
മത്സരത്തില്‍ 18 ഷോട്ടുകള്‍ ആണ് ആതിഥേയര്‍ ബാഴ്‌സലോണയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 15 ഷോട്ടുകള്‍ ആണ് പാരീസിന്റെ പോസ്റ്റിലേക്ക് ബാഴ്സ ഉന്നംവെച്ചത്. ഇതില്‍ ഏഴ് ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മത്സരത്തില്‍ 59% ബോള്‍ പൊസഷന്‍ ഫ്രഞ്ച് വമ്പന്‍മാരുടെ അടുത്തായിരുന്നു.
അതേസമയം ഏപ്രില്‍ 17നാണ് ഈ മത്സരത്തിന്റെ സെക്കന്‍ഡ് ലെഗ് നടക്കുന്നത്. ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കോംബനി സ്റ്റേഡിയമാണ് വേദി.
Content Highlight: Barcelona beat Paris Saint Germain in ucl