|

അയ്യോ സാവി പോവല്ലേ; പരിശീലകനുമായുള്ള കരാർ നീട്ടാൻ തയ്യാറെടുത്ത് ബാഴ്സലോണ; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ.

ലീഗിൽ ബാഴ്സയുടെ ജൈത്രയാത്ര അവസാനിപ്പിക്കാൻ മറ്റ് ക്ലബ്ബുകൾക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിലും യൂറോപ്പാ ലീഗിലും തിരിച്ചടിയേറ്റ ക്ലബ്ബ്‌ എന്നാൽ ലീഗിൽ അജയ്യരായി ജൈത്രയാത്ര തുടരുകയാണ്.

എന്നാലിപ്പോൾ ബാഴ്സയുടെ പരിശീലകനായ ക്ലബ്ബിന്റെ മുൻതാരം സാവിയുമായുള്ള കരാർ നീട്ടാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സ എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.

ക്ലബ്ബുമായി ദീർഘകാലത്തെ കരാറിൽ സാവിയെ സൈൻ ചെയ്യിക്കാനാണ് ബാഴ്സയുടെ ശ്രമം എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
2021ലാണ് സാവി ബാഴ്സയുടെ മാനേജരായി ചുമതലയേറ്റെടുത്തത്.

ക്ലബ്ബിൽ എത്തിയതിന് ശേഷം ബാഴ്സയിൽ ഒരു കളി ശൈലി രൂപപ്പെടുത്താൻ സാവിക്കായിട്ടുണ്ട്. ഇതോടെയാണ് 2024വരെ സാവിയുമായി കരാറുള്ള ബാഴ്സ, ആ കരാർ ഇനിയും നീട്ടാൻ തയ്യാറെടുക്കുന്നത്. സ്പോർട്സ്കീഡയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2026 വരെയാണ് സാവിയുമായുള്ള കരാർ ബാഴ്സലോണ ദീർഘിപ്പിക്കുന്നത്.

ബാഴ്സയിൽ എത്തിയ ശേഷം തന്റെ കളി ശൈലിക്ക് അനുസൃതമായിട്ടുള്ള ഒരു ടീമിനെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് സാവി. ഇതിനായി ബാഴ്സയിലേക്ക് കൂടുതൽ താരങ്ങളെ സൈൻ ചെയ്യാനും  തന്റെ ശൈലിക്ക് യോജിക്കാത്ത താരങ്ങളെ
ക്ലബ്ബിൽ നിന്നും പുറത്താക്കാനും സാവി മുൻ കൈയ്യെടുക്കുന്നുണ്ട്.

അതേസമയം ലാ ലിഗയിൽ 25 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 65 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.

മാർച്ച് 20ന് റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോ മത്സരമാണ് ക്ലബ്ബിന് അടുത്തതായി കളിക്കാനുള്ളത്.

Content Highlights: Barcelona are planning on extending contract of xavi reports