| Saturday, 21st July 2018, 11:00 pm

പോഗ്ബയേയും റാക്കിട്ടിച്ചിനേയും ക്ലബുകള്‍ വെച്ച് മാറുമെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് പോള്‍ പോഗ്ബ. അതുപോലെ കുഞ്ഞന്‍ രാജ്യമായ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കാന്‍ ചുക്കാന്‍ പിടിച്ച താരമാണ് ഐവാന്‍ റാക്കിട്ടിച്ച്.

ഇപ്പോഴിതാ ഇരുവരുടേയും ക്ലബുകള്‍ ഇവരെ പരസ്പരം വെച്ച് മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സിലോണയുടെ താരമാണ് റാക്കിട്ടിച്ച്. പോഗ്ബയാവട്ടെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരവും. വിദേശ സ്‌പോര്‍ട്സ് മാഗസിനുകളാണ് ക്ലബ് മാറ്റം സംബന്ധിച്ച സൂചനകള്‍ തരുന്നത്.


ALSO READ: എതിരാളികളോട് “എക്‌സ്‌ക്യൂസ് മീ മൈ ഡിയര്‍, എനിക്കൊരു ഗോളടിക്കണം” എന്ന് പറയാന്‍ എനിക്ക് കഴിയില്ല: നെയ്മര്‍


പോഗ്ബയുടെ ഏജന്റ് നേരത്തെ തന്നെ ബാഴ്‌സിലോണയിലെത്തി താരത്തിന് കാറ്റലന്‍ തലസ്ഥാനത്തേക്ക് വരാന്‍ താല്പര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുട്ടീഞ്ഞോ, റാക്കിട്ടിച്ച്, ബുസ്‌കറ്റസ് എന്നിവര്‍ കളിക്കുന്ന ബാഴ്‌സിലോണയുടെ മധ്യനിരയില്‍ താരത്തിന് ഇടം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പകരം റാക്കിട്ടിച്ചിനെ നല്‍കി കൊണ്ട് ഇടം ഉണ്ടാക്കുകയാണ് ബാഴ്‌സിലോണ.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്ററില്‍ ജൊസെ മൗറീഞ്ഞോയ്ക്ക് കീഴില്‍ തന്റെ പ്രതിഭയ്ക്ക് ഒത്തുള്ള പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ പോഗ്ബയ്ക്ക് കഴിഞ്ഞിട്ടില്ല. ബാഴ്‌സയുടെ മൂന്ന് പേര്‍ മധ്യനിരയിലുള്ള ഫോര്‍മേഷനില്‍ തനിക്ക് തിളങ്ങാന്‍ സാധിക്കുമെന്നാണ് താരം വിശ്വസിക്കുന്നത്.

ലോകകപ്പിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പലമാധ്യമങ്ങളും പുറത്ത് വിട്ടിരുന്നു.

റാക്കിട്ടിച്ചിനേക്കാള്‍ അഞ്ച് വയസ്സ് കുറവും, ഒരുപാട് പ്രതിഭയുമുള്ള പോഗ്ബയെ ക്യംപിലെത്തിക്കാന്‍ ബാഴ്‌സയും താല്പര്യം കാണിച്ചേക്കും. ഇതിനായി റാക്കിട്ടിച്ചിനെ കൊടുക്കുന്നതിനോടൊപ്പം ചെറുതല്ലാത്ത തുകയും നല്‍കേണ്ടി വരും ക്ലബ്ബിന്.

We use cookies to give you the best possible experience. Learn more