| Thursday, 1st June 2023, 12:39 pm

മെസിയെ ഇന്റര്‍ മിയാമിക്ക് വിട്ടുകൊടുത്ത് ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ; രണ്ട് ടീമും പരസ്പര ധാരണയെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍മിയാമിയുമായി കൈകോര്‍ക്കാനൊരുങ്ങി കറ്റാലന്‍ വമ്പന്‍മാരായ എഫ്.സി ബാഴ്‌സലോണ. പി.എസ്.ജി വിടുന്ന മെസിയെ ടീമിലെത്തിക്കാന്‍ ബാഴ്‌സ മിയാമിയെ സഹായിക്കുകയും തുടര്‍ന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സക്ക് വേണ്ടി കളിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവഴി ബാഴ്‌സക്ക് ലാ ലീഗ നിയമങ്ങളുടെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലാ ലീഗ നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് ഫ്രീ ട്രാന്‍സ്ഫറായി മെസിയെ ടീമിലെത്തിക്കാന്‍ ബാഴ്‌സക്ക് സാധിക്കില്ല എന്നാണ് എല്‍ എക്വിപ്പെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഴ്‌സയുടെ വേതന ബില്‍ ഇപ്പോഴും പരിധിക്കപ്പുറമാണ് എന്നതാണ് ബാഴ്‌സയെ കുഴക്കുന്നത്. ഇതുകാരണമാണ് മെസിയെ സ്വന്തമാക്കാന്‍ കറ്റാലന്‍മാര്‍ മറ്റുവഴികള്‍ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്.

മെസി മേജര്‍ ലീഗ് സോക്കറു (എം.എല്‍.എസ്)മായി സ്ഥിരമായി ഒരു കരാറിലെത്തുകയും തുടര്‍ന്ന് 6-18 മാസത്തേക്ക് ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സയില്‍ കളിക്കുകയും ചെയ്‌തേക്കുമെന്നാണ് ഫ്രഞ്ച് ഔട്ട്‌ലെറ്റ് അവകാശപ്പെടുന്നത്.

ലയണല്‍ മെസിയെ തങ്ങളുടെ ലീഗില്‍ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എം.എല്‍.എസ് കമ്മീഷണറായ ഡോണ്‍ ഗാര്‍ബര്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെസിയെ ടീമിലെത്തിക്കാന്‍ ലീഗ് നിയമങ്ങളില്‍ വിട്ടുവീഴ്ച വരുത്തിക്കൊണ്ട് മിയാമിയെ സഹായിക്കാനും ലീഗ് ഒരുക്കമാണ്.

എന്നാല്‍ മെസിക്കായി വലവിരിച്ചുകൊണ്ട് സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ ഹിലാലും രംഗത്തുണ്ട്. ഒരു ബില്യണിന്റെ ഓഫറാണ് ഹിലാല്‍ മുന്നോട്ട് വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തങ്ങളുടെ ചിരവൈരികളായ അല്‍ നസര്‍ ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയതുമുതല്‍ ഹിലാല്‍ മെസിയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മെസി സൗദിയിലേക്കെത്തിയാല്‍ മെസി-റൊണാള്‍ഡോ റൈവല്‍റിയുടെ പുതിയ അധ്യായം തുറക്കുമെന്നും അത് ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ പുത്തന്‍ ഡ്രൈവിങ് ഫോഴ്‌സ് നല്‍കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, മെസി തന്റെ ഭാവി പദ്ധതികളെ കുറിച്ച് ഇനിയും വ്യക്തമാക്കിയിട്ടില്ല. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ മെസി തീരുമാനമെടുത്തേക്കുമെന്നാണ് ജെറാര്‍ഡ് റൊമേറോ അവകാശപ്പെടുന്നത്.

Content highlight: Barcelona and Inter Miami discuss potential partnership deal to sign Lionel Messi: reports

We use cookies to give you the best possible experience. Learn more