| Monday, 9th January 2023, 1:32 pm

ഫുട്‌ബോളിന് നിരക്കാത്ത കയ്യാങ്കളി, രണ്ടിനേയും പിടിച്ച് പുറത്താക്കി റഫറി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലീഗയിലെ സൂപ്പര്‍ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു. മത്സരത്തിന്റെ 22ാം മിനിട്ടില്‍ സൂപ്പര്‍ താരം ഒസ്മാനെ ഡെംബാലെ നേടിയ ഗോളിന്റെ ബലത്തിലാണ് കറ്റാലന്‍മാര്‍ വിജയം പിടിച്ചടക്കിയത്.

മികച്ച മത്സരമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. കൊണ്ടും കൊടുത്തും പരസ്പരം മുന്നേറിയപ്പോള്‍ ഒറ്റ ഗോളിന്റെ മാത്രം വ്യത്യാസത്തില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുകയായിരുന്നു.

എന്നാല്‍ കളിയുടെ അവസാന നിമിഷങ്ങളില്‍ ഇരു ടീമിലെയും സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ ‘കൊണ്ടും കൊടുത്തും നടത്തിയ പ്രകടന’മാണ് മത്സരത്തേക്കാള്‍ ചര്‍ച്ചയാകുന്നത്. മത്സരം തീരാന്‍ കേവലം മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരു ടീമിലെയും താരങ്ങള്‍ നിലമറന്നു പെരുമാറിയത്.

ബാഴ്‌സ താരം ഫെറാന്‍ ടോറസും അത്‌ലറ്റിക്കോ താരം സ്റ്റീഫന്‍ സാവിച്ചുമായിരുന്നു ചെറിയ തോതിലുള്ള കയ്യാങ്കളിക്ക് മുതിര്‍ന്നത്. നിശ്ചിത സമയത്തിന് ശേഷം അനുവദിച്ച ആഡ് ഓണ്‍ സമയത്തായിരുന്നു ഇരുവരുടെയും പ്രകടനം.

ആറ് മിനിട്ടായിരുന്നു മത്സരത്തിന് ആഡ് ഓണ്‍ ആയി അനുവദിച്ചത്. എന്നാല്‍ 92ാം മിനിട്ടില്‍ കളിക്കുന്നത് ഫുട്‌ബോള്‍ ആണെന്ന കാര്യം ഇരുവരും മറക്കുകയായിരുന്നു.

താഴെ തള്ളിയിട്ടും മുടിപിടിച്ചു വലിച്ചും പരസ്പരം തള്ളിമാറ്റിയും ഇരുവരും ഗ്രൗണ്ടില്‍ കസര്‍ത്തുകാണിച്ചതോടെ ഇരുവര്‍ക്കും ചുവപ്പ് കാര്‍ഡ് നല്‍കി മടക്കി അയക്കാനല്ലാതെ റഫറിക്ക് മറ്റ് നിര്‍വാഹമുണ്ടായിരുന്നില്ല. ഒടുവില്‍ പത്ത് പേരുമായിട്ടായിരുന്നു ബാഴ്‌സയും അത്‌ലറ്റിക്കോ മാഡ്രിഡും മത്സരം അവസാനിപ്പിച്ചത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് മേല്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്താനും കറ്റാലന്‍മാര്‍ക്ക് സാധിച്ചു.

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയില്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. ലെവയുടെ അഭാവത്തില്‍ അന്‍സു ഫാറ്റിയും ഡെംബാലെയുമായിരുന്നു മുന്നേറ്റത്തില്‍ അണിനിരന്നത്. 22ാം മിനിട്ടില്‍ ഡെംബാലെ തന്നെയായിരുന്നു ബാഴ്‌സയുടെ വിജയഗോള്‍ സ്വന്തമാക്കിയതും.

16 മത്സരത്തില്‍ നിന്നും 13 വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 35 പോയിന്റാണ് ബാഴ്‌സക്കുള്ളത്. 16 മത്സരത്തില്‍ നിന്നും 13 വിജയവും രണ്ട് വീതം തോല്‍വിയും സമനിലയുമാണ് രണ്ടാം സ്ഥാനത്തുള്ള റയലിനുള്ളത്.

സൂപ്പര്‍ കോപ്പ ഡെ എസ്പാനോയുടെ സെമി ഫൈനലാണ് ബാഴ്‌സയുടെ അടുത്ത് മത്സരം. റയല്‍ ബെറ്റിസാണ് എതിരാളികള്‍.

ലാ ലീഗയില്‍ ജനുവരി 22നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ 13ാം സ്ഥാനത്തുള്ള ഗെറ്റാഫെയാണ് എതിരാളികള്‍. ബാഴ്‌സയുടെ കളിത്തട്ടകമായ ക്യാമ്പ് നൗവില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

Content Highlight: Barcelona and Atletico Madrid players with gloves during the match

We use cookies to give you the best possible experience. Learn more