മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട് ബാഴ്‌സയോട് വിടപറയാന്‍ കഴിയാതിരുന്ന ഇനിയേസ്റ്റയ്ക്ക് കിംഗ്‌സ് കപ്പ് വിജയത്തോടെ യാത്രയയപ്പ്. സെവിയ്യക്കെതിരായ കിംഗ്‌സ് കപ്പ് ഫൈനലില്‍ അഞ്ചു ഗോളിന് ജയിച്ചാണ് ബാഴ്‌സ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.
ബാഴ്‌സയ്ക്കുവേണ്ടി സുവാരസ് രണ്ടും മെസി, ഇനിയേസ്റ്റ, കുട്ടിഞ്ഞോ എന്നിവര്‍ ഒരോ ഗോളും നേടി. മത്സരം തുടങ്ങി 14-ാം മിനിറ്റില്‍ തന്നെ ബാഴ്സ ലീഡെടുത്തു.
Also Read: ‘വിശ്വരൂപം പൂണ്ട് എബി ഡി’; ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിനു 6 വിക്കറ്റ് വിജയം
31 ാം മിനിറ്റില്‍ മെസിയിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. മെസി നല്‍കിയ മനോഹരമായ പാസിലൂടെ സുവാരസ് വീണ്ടും വല കുലുക്കി. ഇതോടെ ആദ്യപകുതിയ്ക്കു പിരിയുമ്പോള്‍ ബാഴ്‌സയ്ക്കു 3-0 ത്തിന്റെ ലീഡായി.
രണ്ടാം പകുതിയില്‍ ചടങ്ങ് പൂര്‍ത്തിയാക്കുക എന്ന പണിയേ ബാഴ്‌സയ്ക്കുണ്ടായിരുന്നുള്ളൂ. മെസി നല്‍കിയ പാസിലൂടെ ഗോള്‍വല കുലുക്കിയാണ് ഇനിയേസ്റ്റ മത്സരത്തില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയത്. 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കുട്ടിഞ്ഞോ ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.