| Tuesday, 24th January 2023, 5:49 pm

ഫുട്ബോൾ ചരിത്രത്തിലെ അപൂർവ ട്രാൻസ്ഫറിന് തയ്യാറായി ബാഴ്സ; ആകാംക്ഷയോടെ ഫുട്ബോൾ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി ഒന്നിന് ആരംഭിച്ച ട്രാൻസ്ഫർ ജാലകത്തിലൂടെ മികച്ച താരങ്ങളെ തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചിരിക്കുകയാണ് പല ക്ലബ്ബുകളും.
ഇതിൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെക്കെത്തിയ റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്ത ഒഴിച്ചു നിർത്തിയാൽ ഫുട്ബോൾ ലോകത്തെ ആവേശം കൊള്ളിച്ച ട്രാൻസ്ഫറുകളോന്നും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സംഭവിച്ചിരുന്നില്ല.

എന്നാലിപ്പോൾ മറ്റൊരു അപൂർവ ട്രാൻസ്ഫറിന് കൂടി ഫുട്ബോൾ ലോകം ഒരുങ്ങുന്നു എന്നാണ് വാർത്തകൾ. ലോകഫുട്ബോളിലെ ഏറ്റവും വലിയ വൈരികളായ റയൽ മഡ്രിഡും ബാഴ്സലോണയും തമ്മിലാണ് പുതിയ ട്രാൻസ്ഫർ നടക്കുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

താരങ്ങളെ പരസ്പരം വെച്ച് മാറുന്ന ശീലമില്ലാത്ത ഇരു ക്ലബ്ബുകളും തമ്മിൽ ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ഒരു ട്രാൻസ്ഫറിന് അരങ്ങോരുങ്ങുന്നത്.

2014 മുതൽ റയൽ മാഡ്രിഡ് ക്ലബ്ബിനായി കളിക്കുന്ന മാർകോ അസെൻസിയോ ഈ സീസൺ അവസാനിച്ചതിന് ശേഷം ബാഴ്സണയിലേക്ക് ചേക്കേറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നിലവിലെ സീസൺ കഴിയുന്നതോടെ റയലുമായുള്ള കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റായി മാറും. ഇതൊടെയാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണക്ക് അവസരമൊരുങ്ങുക. മാർകോ അസെൻസിയോയുമായി കാറ്റലോണിയൻ ക്ലബ്ബ് ചർച്ചകൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

ബാഴ്സലോണ പ്രസിഡന്റ്‌ ലപോർട്ടയുമായി മികച്ച ബന്ധം വെച്ച് പുലർത്തുന്ന വ്യക്തിയാണ് മാർകോ അസെൻസിയോയുടെ ഏജന്റ് ആയ ജോർജ് മെൻഡിസ്. ഈ ബന്ധം ഉപയോഗിച്ചാണ് അസെൻസിയോയെ ബാഴ്സയിലെത്തിക്കാൻ ക്ലബ്ബ് ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ റയലിൽ കളിച്ച ഒരു താരം ബാഴ്സലോണക്കായി മത്സരിക്കുന്നത് തങ്ങൾക്ക് അപമാനമായതിനാൽ അസെൻസിയോയുമായുള്ള കരാർ നീട്ടിനൽകാൻ റയൽ മാഡ്രിഡ്‌ തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

1996ൽ റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണ ക്യാമ്പിലെത്തിയ ലൂയിസ് എൻറിക്കെയാണ് ഇത്തരത്തിൽ അപൂർവ ട്രാൻസ്‌ഫർ നടത്തിയ അവസാനത്തെയാൾ. 2004 വരെ എൻറിക്കെ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ചു. കൂടാതെ ബാഴ്സയിൽ നിന്നും വിരമിച്ച ശേഷം താരം കാറ്റലോണിയൻ ക്ലബ്ബിന്റെ പരിശീലകറോളിലും എത്തിയിരുന്നു.

Content Highlights:Barca is ready for a rare transfer in the history of football

We use cookies to give you the best possible experience. Learn more