| Friday, 14th October 2022, 11:12 am

ചത്ത് കിടക്കുന്നവരെ പിന്നെയും കുത്തിനോവിക്കരുത്; ഒരു ലൈക്കിന്റെ പേരില്‍ മെസിക്കെതിരെ പോരിനിറങ്ങി ബാഴ്‌സ ഫാന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയതിന് പിന്നാലെ ഹൃദയം തകര്‍ന്നിരിപ്പാണ് ബാഴ്‌സലോണ. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സലോണ എലിമിനേഷന്റെ വക്കിലാണ്.

ചാമ്പ്യന്‍സ് ലീഗില്‍ മോശം പെര്‍ഫോമന്‍സ് തുടരുന്ന ബാഴ്‌സലോണയില്‍ ക്ലബിനുള്ളില്‍ വലിയ പൊട്ടിത്തെറികളും ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണം വാരിയെറിഞ്ഞ് പലരെയും ടീമിലെത്തിച്ചെങ്കിലും ഒന്നും ഗുണകരമാകാത്തതില്‍ നിരാശനായ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ട് കോച്ചായ സാവിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സാവിയും മാച്ചിന് ശേഷം സ്വന്തം ഡിഫന്‍സ് നിരയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. പിന്നീട് നടന്ന ഡ്രസിങ് റൂം മീറ്റിങ്ങില്‍ കളിക്കാരോട് അദ്ദേഹം രോഷാകുലനായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാഴ്‌സക്കെതിരെ നിരാശയും കോപവുമെല്ലാം പ്രകടിപ്പിച്ചുകൊണ്ട് ഫാന്‍സും രംഗത്തുവന്നിരുന്നു. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണ് ബാഴ്‌സയുടെ മുന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഒരു ലൈക്ക് ബാഴ്‌സ ഫാന്‍സിനെ കൂടുതല്‍ വേദനിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മാച്ചില്‍ ബാഴ്‌സക്കെതിരെ നിര്‍ണായക ഗോള്‍ നേടിയ ഇന്റര്‍ മിലാന്‍ സൂപ്പര്‍ താരം ലൗട്ടാരേ മാര്‍ട്ടിനെസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലയണല്‍ മെസി ലൈക്കടിച്ചതാണ് ബാഴ്‌സ ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത്. അര്‍ജന്റീനയിലെ മെസിയുടെ സഹതാരമാണ് മാര്‍ട്ടിനെസ്.

മെസി ഒരു വഞ്ചകനാണെന്നും ഇവനെ ഒരിക്കലും ടീമിലേക്ക് തിരിച്ചെടുക്കരുതെന്നുമാണ് ഒരു കമന്റ്. ഇങ്ങനെയൊരുത്തനെയാണല്ലോ തിരിച്ചുകൊണ്ടുവരാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതെന്നാണ് ഒരു ട്വിറ്റര്‍ പ്രൊഫൈല്‍ നിരാശപ്പെടുന്നത്.

ഇന്ന് കാണുന്ന മെസിയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്ലബിനെ മെസി മറന്നു കഴിഞ്ഞെന്നും അവനൊരു നാണവുമില്ലാത്ത ചതിയനായിപ്പോയല്ലോ എന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ട്. വഞ്ചകന്‍ എന്ന വാക്കാണ് പല ട്വീറ്റുകളിലും ആവര്‍ത്തിച്ചിരിക്കുന്നത്.

അതേസമയം മെസിക്കെതിരെ ബാഴ്‌സ ഫാന്‍സ് ഉയര്‍ത്തുന്ന കുറ്റപ്പെടുത്തലുകളില്‍ അടിസ്ഥാനമില്ലെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ ടീമിലെ തന്റെ സഹതാരം വിജയാഹ്ലാദം പങ്കുവെച്ച ഫോട്ടോകള്‍ക്ക് ലൈക്ക് ചെയ്യരുതെന്ന് മുന്‍ ക്ലബിന്റെ ഫാന്‍സിന് എങ്ങനെ മെസിയോട് പറയാന്‍ സാധിക്കുമെന്നാണ് പലരും ചോദിക്കുന്നത്.

തന്റെ പ്രൈം ടൈം മുഴുവന്‍ ക്ലബിന് വേണ്ടി ചെലവഴിച്ച ഒരു താരത്തിനെതിരെ ഇങ്ങനെയൊക്കെ പറയുന്നത് മോശം പരിപാടിയാണെന്നും ബാഴ്‌സ ഫാന്‍സിനോട് ഇവര്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സ-മിലാന്‍ മാച്ച് 3-3നായിരുന്നു സമനിലയിലായത്. ഒസ്മാനേ ഡെംബാലേയിലൂടെ ഹാഫ് ടൈമിന് തൊട്ടുമുമ്പ് 40ാം മിനിട്ടില്‍ ബാഴ്‌സയായിരുന്നു ആദ്യം ഗോള്‍ നേടിയത്. ഹാഫ് ടൈമില്‍ പന്ത് കയ്യില്‍ വെച്ചും ഗോളിനുള്ള അവസരങ്ങള്‍ തുറന്നും തരക്കേടില്ലാത്ത രീതിയിലായിരുന്നു കറ്റാലന്‍സിന്റെ കളി.

പക്ഷെ ഹാഫ് ടൈം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ കൈവിട്ടുപോയി. ബാഴ്‌സയുടെ പ്രതിരോധനിരയെ നോക്കുകുത്തികളാക്കി ഇന്റര്‍ മിലാന്‍ കയറി കളിച്ചു. നിക്കോള ബാരല്ലയും ലൗട്ടാരോ മാര്‍ട്ടിനസും ഗോളടിച്ചു. ഇതിനിടയില്‍ 82ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ഇന്റര്‍ മിലാന്റെ ഗോള്‍ വല കുലുക്കി.

ഇങ്ങനെ 2-2ല്‍ കളി നില്‍ക്കുന്നതിനിടയില്‍ 89ാം മിനിട്ടില്‍ റോബിന്‍ ഗോസന്‍സ് ബാഴ്‌സയുടെ പ്രതിരോധനിരയെ തകര്‍ത്ത് പന്ത് പായിച്ചു മിലാനെ ഒരു പടി മുന്നിലെത്തിച്ചു.

തോല്‍വി ഉറപ്പിച്ച നിലയിലായിരുന്നു ബാഴ്‌സ. എന്നാല്‍ എക്‌സ്ട്രാ ടൈമിലെ രണ്ടാം മിനിട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ആശ്വാസ ഗോളെത്തി. പിന്നീട് വിസില്‍ മുഴുങ്ങുന്നതിന് മുമ്പ് ഒരു തിരിച്ചടി നടത്താന്‍ മിലാന് കഴിഞ്ഞില്ല.

കളിയിലുടനീളം ബാഴ്സയുടെ സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ പ്രതിരോധ നിര പാടെ നിസഹായരാകുന്ന കാഴ്ചയായിരുന്നു കണ്ടത്. റോബര്‍ട്ടോ, ഗാര്‍സിയ, പീക്വെ, അലന്‍സോ എന്നീ നാല്‍വര്‍ സംഘത്തിനും മിഡ്ഫീല്‍ഡേഴ്സായ ബുസ്‌ക്വെറ്റ്സിനും ഗാവിക്കും പെദ്രിക്കും ഇന്റര്‍ മിലാനെ പ്രതിരോധിക്കാന്‍ കാര്യമായൊന്നും ചെയ്യാനായില്ല.

നിലവില്‍ ഗ്രൂപ്പ് സിയില്‍ ബയേണ്‍ മ്യൂണിക്കാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 12 പോയിന്റാണ് ടീമിനുള്ളത്. ഏഴ് പോയിന്റുമായി മിലാന്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ബയേണിന് നാല് പോയിന്റ് മാത്രമാണുള്ളത്.

വരാന്‍ പോകുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഇനി ബാഴ്‌സക്ക് നോക്കൗട്ടിലെത്താന്‍ സാധിക്കൂ. അതായത് ബയേണ്‍ മ്യൂണികിനെയും വിക്ടോറിയ പ്ലസാനിയെയും തോല്‍പ്പിക്കണം. കൂടാതെ ഇന്റര്‍ മിലാന്‍ ചില കളികളില്‍ തോറ്റ് പോയിന്റ് നിലയില്‍ കുറെ പിന്നോട്ട് പോകുകയും വേണം. ബാഴ്‌സയുടെ നിലവിലെ പെര്‍ഫോമന്‍സ് വെച്ച് ഇതൊന്നും അത്ര എളുപ്പമാകില്ല.

Content Highlight: Barca fans against Lionel Messi after he liked a instagram post by Lautaro Martínez celebrating his win against Barcelona

We use cookies to give you the best possible experience. Learn more