ന്യൂദല്‍ഹി: ചാനല്‍ റേറ്റിംഗ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനും കൃത്രിമം കാട്ടിയതിനും റിപ്പബ്ലിക് ടി.വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍). റേറ്റിംഗില്‍ കൃത്രിമം കാട്ടിയതു സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന പൊലീസിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ബാര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.
‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ കുറിച്ച് ബാര്‍ക്ക് ഇന്ത്യ പ്രതികരിക്കുന്നില്ല. അന്വേഷണസംഘത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്’, പ്രസ്താവനയില്‍ പറയുന്നു.
#RepublicExposesParamBir | News Release: With the BARC email in public, the fake news-based campaign against Republic Media Network led by Mumbai Police Commissioner comes to an end pic.twitter.com/UEgGuIxeeC
‘റേറ്റിംഗ് സംബന്ധിച്ച അതീവ രഹസ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അതിനെ തെറ്റായി വ്യാഖ്യനിക്കുകയും ചെയ്ത റിപ്പബ്ലിക് ടി.വിയുടെ നടപടിയില്‍ ബാര്‍ക്ക് ഇന്ത്യ നിരാശരാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. റിപ്പബ്ലിക് ടി.വിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു’- പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ബാര്‍ക്ക് നിലപാടിന് വിരുദ്ധമായ ആരോപണങ്ങളാണ് മുംബൈ പൊലീസ് ഉന്നയിക്കുന്നതെന്ന് റിപ്പബ്ലിക് ടി.വി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാര്‍ക്കിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ചാനല്‍ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് ഈ മാസം ആദ്യം അന്വേഷണം ആരംഭിച്ചിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.
ഇതിന് പിന്നാലെ ബാര്‍ക്ക് റേറ്റിങ്ങ് പുറത്തുവിടില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ അറിയിച്ചിരുന്നു. മൂന്ന് മാസത്തേക്കാണ് ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് ബാര്‍ക്ക് അറിയിച്ചത്.
ന്യൂസ് ചാനലുകളുടെ റേറ്റിങ്ങ് പുറത്തുവിടുന്നതാണ് നിര്‍ത്തിവെച്ചത്.
റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.
ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.