ന്യൂദല്‍ഹി: ദല്‍ഹിയിലെ മണിപ്പൂര്‍ ഭവനിലേക്ക് മണിപ്പൂര്‍ ട്രൈബല്‍ ഫോറം സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്.
മണിപ്പൂരിലെ ഗോത്രവിഭാഗങ്ങള്‍ക്കെതിരായ മൂന്ന് ബില്ലുകള്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയതിനെതിരായ പ്രതിഷേധമാര്‍ച്ചിനിടെയായിരുന്നു പോലീസിന്റെ ക്രൂരത.
വളരെ സമാധാനമായി നടന്ന മാര്‍ച്ചിന് നേരെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.60 പേരെ പോലീസ് അന്യായമായി തടങ്കില്‍വെച്ചിരിക്കുയാണ്. നിരവധി പേരാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. പലരുടേയും നില ഗുരുതരമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
തങ്ങള്‍ക്ക് സ്വന്തമായ ഭൂമിയുടെ അവകാശം പുറത്ത് നിന്നുള്ള ആളുകള്‍ക്ക് തട്ടിയെടുക്കാന്‍ ഉതകുന്ന രീതിയിലുള്ളതാണ് പാസാക്കിയ ബില്ലുകളെന്നാണ് ഗോത്രവിഭാഗക്കാര്‍ ആരോപിക്കുന്നത്. ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും മണിപ്പൂര്‍ ട്രൈബല്‍ഫോറം സംഘടിപ്പിച്ചിരുന്നു.
ബില്ല് പ്രിസിഡന്റിന്റെ അനുമതിക്കായി അയക്കാനുള്ള മണിപ്പൂര്‍ മുഖ്യന്ത്രി ഇബോബി സിങ്ങിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ ദല്‍ഹിയിലെ മണിപ്പൂര്‍ ഭവനിലേക്ക് ഗോത്രവിഭാഗക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് അടിച്ചമര്‍ത്തുകയും പ്രതിഷേധക്കാരെ തല്ലിച്ചതക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മണിപ്പൂര്‍ നിയമസഭയില്‍ സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്നാണ് ചുരഛന്ദ്പൂര്‍ ജില്ലയില്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടത്. പ്രൊട്ടക്ഷന്‍ ഓഫ് മണിപ്പൂര്‍ പീപ്പിള്‍ ബില്‍, 2015, മണിപ്പൂര്‍ ലാന്‍ഡ് റെവന്യൂ ആന്‍ഡ് ലാന്‍ഡ് റിഫോംസ് (ഏഴാം ഭേദഗതി), മണിപ്പൂര്‍ ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ബില്‍, 2015 (രണ്ടാം ഭേദഗതി) എന്നിവയായിരുന്നു പാസ്സാക്കിയ ബില്ലുകള്‍. ഇവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പാസാക്കിയ നിയമങ്ങള്‍ റദ്ദുചെയ്യുകയോ പുനപ്പരിശോധിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.