കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി ബാര്‍ബഡോസ് റോയല്‍സ്. ബാര്‍ബഡോസിന്റെ റിറ്റെന്‍ഷന്‍ ലിസ്റ്റ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സിന്റെ സി.പി.എല്‍ കൗണ്ടര്‍പാര്‍ട്ടാണ് ബാര്‍ബഡോസ് റോയല്‍സ്. നേരത്തെ ബാര്‍ബഡോസ് ട്രൈന്‍ഡന്റ്‌സ് എന്ന ടീമിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകള്‍ സ്വന്തമാക്കിയതോടെയാണ് ബാര്‍ബഡോസ് റോയല്‍സ് എന്ന് പേര് മാറ്റുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ജമൈക്ക താലവാസിനോട് തോല്‍ക്കാനായിരുന്നു റോയല്‍സിന്റെ വിധി. റോയല്‍സ് ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും 23 പന്തും ബാക്കി നില്‍ക്കെ താലവാസ് മറികടക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് റോയല്‍സ് പുതിയ സീസണിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ടീം നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ജേസണ്‍ ഹോള്‍ഡാറാണ് റോയല്‍സ് നിലനിര്‍ത്തിയവരിലെ പ്രധാനി. ഹോള്‍ഡറിന് പുറമെ ജോഷ്വാ ബിഷപ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സൂപ്പര്‍ താരം കൈല്‍ മയേഴ്‌സ്, നയീം യങ്, ഒബെഡ് മക്കോയ്, റകീം കോണ്‍വാള്‍, റെയ്‌മോണ്‍ സിമ്മണ്ട്‌സ്, റോവ്മന്‍ പവല്‍ എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.
നാഷണല്‍ ഡ്യൂട്ടിയുള്ളതിനാല്‍ ഡേവിഡ് മില്ലറും ക്വിന്റണ്‍ ഡി കോക്കും ഈ സീസണ്‍ കളിക്കില്ലെന്നും റോയല്‍സ് വ്യക്തമാക്കി.
ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റേഴ്‌സ് തന്നെയാണ് റോയല്‍സിന്റെ കരുത്ത്. മയേഴ്‌സും പവലും അടങ്ങുന്ന ബാറ്റിങ് നിര സുശക്തമാണ്. ഇതിനൊപ്പം ഡൊമസ്റ്റിക് മത്സരത്തില്‍ 77 പന്തില്‍ നിന്നും 22 സിക്‌സറും 17 ബൗണ്ടറിയുമടക്കം പുറത്താകാതെ 205 റണ്‍സ് നേടിയ റകീം കോണ്‍വാളും ടീമിനൊപ്പം ചേരുമ്പോള്‍ റോയല്‍സ് ഡബിള്‍ സ്‌ട്രോങ്ങാകും.
ആഗസ്റ്റ് 17നാണ് സി.പി.എല്‍ 2023ന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ജമൈക്ക താലവാസും സെന്റ് ലൂസിയ കിങ്‌സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. തൊട്ടടുത്ത ദിവസമാണ് റോയല്‍സിന്റെ അടുത്ത മത്സരം. സെന്റ് ലൂസിയ കിങ്‌സ് തന്നെയാണ് എതിരാളികള്‍.
സി.പി.എല്‍ 2023 ടീമുകള്‍
ജമൈക്ക താലവാസ്, സെന്റ് ലൂസിയ കിങ്‌സ്, ബാര്‍ബഡോസ് റോയല്‍സ്, സെന്റ് കീത്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സ്, ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ്, ആമസോണ്‍ ഗയാന വാറിയേഴ്‌സ്.
Content Highlight: Barbados Royals announced retained players names