കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച വിജയവുമായി ബാര്‍ബഡോസ് റോയല്‍സ്. കഴിഞ്ഞ ദിവസം കെന്‍സിങ്ടണ്‍ ഓവലില്‍ സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റിസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു റോയല്‍സ് വിജയിച്ചത്.
പേട്രിയറ്റ്‌സ് ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം റോയല്‍സ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഓപ്പണര്‍ റകീം കോണ്‍വാളിന്റെ സെഞ്ച്വറി കരുത്തിലാണ് റോയല്‍സ് മികച്ച വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പേട്രിയറ്റ്‌സ്, ഓപ്പണര്‍മാരായ ആന്ദ്രേ ഫ്‌ളച്ചര്‍, വില്‍ സ്മീഡ് എന്നിവരുടെയും ക്യാപ്റ്റന്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി.
37 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം ഫ്‌ളെച്ചര്‍ 56 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും നാല് സിക്‌സറുമായി 63 റണ്‍സായിരുന്നു വില്‍ സ്മീഡിന്റെ സമ്പാദ്യം.
അഞ്ച് വീതം ബൗണ്ടറിയും സിക്‌സറുമായി 27 പന്തില്‍ നിന്നും പുറത്താകാതെ 65 റണ്‍സായിരുന്നു ക്യാപ്റ്റന്‍ റൂഥര്‍ഫോര്‍ഡ് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്. 16 പന്തില്‍ 22 റണ്‍സ് നേടി റിട്ടയര്‍ഡ് ഔട്ടായി മടങ്ങിയ ജെയ് ഗൂലിയും പേട്രിയറ്റ്‌സ് ഇന്നിങ്‌സിലേക്ക് തന്റേതായ സംഭാവന നല്‍കി.
221 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ റോയല്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. കൈല്‍ മയേഴ്‌സും റകീം കോണ്‍വാളും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 13 പന്തില്‍ 22 റണ്‍സ് നേടിയ മയേഴ്‌സിനെ പുറത്താക്കി കോര്‍ബിന്‍ ബോഷാണ് കൂട്ടുകെട്ട് പൊളിച്ചത്. ലോറി ഇവാന്‍സായിരുന്നു വണ്‍ ഡൗണായി കളത്തിലിറങ്ങിയത്.
മയേഴ്‌സ് പുറത്തായെങ്കിലും ഇവാന്‍സിനെ കൂട്ടുപിടിച്ച് കോണ്‍വാള്‍ സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 127ല്‍ നില്‍ക്കവെ 14 പന്തില്‍ 24 റണ്‍സെടുത്ത ഇവാന്‍സ് പുറത്തായെങ്കിലും കോണ്‍വാള്‍ അടി തുടര്‍ന്നുകൊണ്ടേയിരുന്നു.
48 പന്തില്‍ നിന്നും 102 റണ്‍സ് നേടി നില്‍ക്കവെ കോണ്‍വാള്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തായി. 12 സിക്‌സറും നാല് ബൗണ്ടറിയുമടക്കം 212.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
കോണ്‍വാളിന് കട്ട സപ്പോര്‍ട്ടുമായി ക്യാപ്റ്റന്‍ റോവ്മന്‍ പവലും പേട്രിയറ്റ്‌സ് ബൗളര്‍മാരെ അടിച്ചൊതുക്കി. 26 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം പുറത്താകാതെ 49 റണ്‍സാണ് താരം നേടിയത്. കോണ്‍വാളിന് പിന്നാലെ ക്രീസിലെത്തിയ അലിക് അത്തനാസ് 10 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.
ഒടുവില്‍ 11 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കെ റോയല്‍സ് മത്സരം വിജയിച്ചു. സീസണില്‍ ടീമിന്റെ മൂന്നാമത് മാത്രം വിജയമാണിത്.
ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് റോയല്‍സ്.
സെപ്റ്റംബര്‍ ഏഴിനാണ് റോയല്‍സിന്റെ അടുത്ത മത്സരം. ക്വീന്‍സ് പാര്‍ക് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Content highlight: Barbados Royals defats SKN Patriots