ബ്രിഡ്ജ്ടൗണ്‍: കിഴക്കന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസ് ഇനി മുതല്‍ റിപ്പബ്ലിക്. ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യമായിരുന്ന ബാര്‍ബഡോസ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയ്ക്ക് രാജ്യത്തിന് മേലുണ്ടായിരുന്ന അധികാരങ്ങള്‍ നഷ്ടപ്പെടും.
ഡേം സാന്‍ഡ്ര മേസണ്‍ രാജ്യത്തെ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2018 മുതല്‍ രാജ്യത്തെ ഗവര്‍ണര്‍ ജനറലാണ് മേസണ്‍.
ഇംഗ്ലീഷുകാരുടെ കപ്പല്‍ ആദ്യമായി ഈ ദ്വീപില്‍ എത്തിയത് 400 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്രിട്ടന്റെ രാജ്ഞി തന്നെ ബാര്‍ബഡോസിന്റെ സമുന്നത നേതാവായി തുടര്‍ന്നു. ഈ കോളോണിയല്‍ രീതിയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
1966 നവംബര്‍ 30നാണ് ബാര്‍ബഡോസിനെ സ്വതന്ത്ര ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യമായി പ്രഖ്യാപിച്ചത്. 55ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് രാജ്യം ഇപ്പോള്‍ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്.
ബാര്‍ബഡോസുകാരിയായ ഗായിക റിഹാനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തലസ്ഥാനമായ ബ്രിഡ്ജ്ടൗണില്‍ വെച്ചായിരുന്നു ചടങ്ങ്. നൂറ് കണക്കിനാളുകള്‍ രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്ന നിമിഷത്തിന് സാക്ഷികളാവാന്‍ സന്നിഹിതരായിരുന്നു.
എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത്. അധികാരക്കൈമാറ്റത്തിന്റെ സൂചകമായി, ബ്രിട്ടീഷ് രാജവാഴ്ചയ്ക്ക അവസാനമായി സല്യൂട്ട് നല്‍കുകയും റോയല്‍ പതാക താഴ്ത്തുകയും റിപ്പബ്ലിക് ബാര്‍ബഡോസിന്റെ പതാക ഉയര്‍ത്തുകയും ചെയ്തു.
ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തിന് കീഴില്‍ തുടരുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് മുന്നില്‍ ശക്തമായ നിലപാടും ഉദാഹരണവുമാണ് ബാര്‍ബഡോസ് വെച്ചിരിക്കുന്നത്. യു.കെ, ഓസ്‌ട്രേലിയ, കാനഡ, ജമൈക്ക തുടങ്ങി 15 രാജ്യങ്ങളുടെ രാജ്ഞിയാണ് നിലവില്‍ എലിസബത്ത് രാജ്ഞി.