ന്യൂദല്‍ഹി: തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഒമ്പതു മണിമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബി.എസ്.പി ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഭാരത് ബന്ദ് നടത്താനുള്ള തീരുമാനമായത്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബന്ദിനിടെ ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷനമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, പെട്രോള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബന്ദ് നടത്തുന്ന ദിവസം പെട്രോള്‍ പാമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും തീരുമാനമായിട്ടുണ്ട്.