ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ തീഹാർ ജയിലിൽ കീഴടങ്ങി എം.പി എഞ്ചിനീയർ റാഷിദ്
national news
ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ തീഹാർ ജയിലിൽ കീഴടങ്ങി എം.പി എഞ്ചിനീയർ റാഷിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2024, 9:48 pm

തീഹാർ: ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ തീഹാർ ജയിലിൽ കീഴടങ്ങി ജമ്മു കശ്മീറിലേ ബാരാമുള്ള എം.പി ഷെയ്ഖ് അബ്ദുൾ റാഷിദ്. അദ്ദേഹത്തിൻ്റെ ജാമ്യം സംബന്ധിച്ച ഉത്തരവ് ദൽഹി കോടതി മാറ്റിവെച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ.

തീവ്രവാദ ഫണ്ടിങ് കേസിൽ അറസ്റ്റിലായ അവാമി ഇത്തേഹാദ് പാർട്ടിയുടെ സ്ഥാപകൻ റാഷിദിന് സെപ്റ്റംബർ 10-ന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഈ മാസം രണ്ട് തവണയാണ് ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യം നീട്ടിയത്. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സെപ്റ്റംബർ 10 ന് റാഷിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അദ്ദേഹത്തിന്റെ പിതാവിൻ്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അത് ഒക്ടോബർ 28 വരെ നീട്ടിയിരുന്നു.

2017 ലെ തീവ്രവാദ ഫണ്ടിങ് കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2019 മുതൽ തിഹാർ ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ബാരാമുള്ള പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് തോൽപ്പിച്ചതിന് പിന്നാലെയാണ് റാഷിദ് വാർത്തകളിൽ ഇടം നേടിയത്.

 

 

Content Highlight: Baramulla MP Engineer Rashid surrenders in Tihar as his interim bail ends