വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രചാരണത്തിനിറങ്ങുന്നു. അടുത്തയാഴ്ച പെന്‍സില്‍വാനിയയിലാണ് ഒബാമ പ്രചരണത്തിനിറങ്ങുന്നതെന്ന് ബൈഡന്‍ ക്യാമ്പ് അറിയിച്ചു.
ബൈഡനും കമലാ ഹാരിസിനും വേണ്ടി നേരത്തേയും ഒബാമ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങുന്നത് ഇതാദ്യമാണ്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങി നാല് വര്‍ഷം പിന്നിട്ടെങ്കിലും ഒബാമയുടെ ജനപ്രീതിയില്‍ ഇപ്പോഴും ഇടിവ് സംഭവിച്ചിട്ടില്ല.
ഒക്ടോബര്‍ 21 ബുധനാഴ്ച ഒബാമ പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയിലേക്ക് പുറപ്പെടുമെന്ന് ബൈഡന്‍ ക്യാമ്പയിന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഒബാമ പ്രസിഡന്റായിരുന്ന രണ്ട് കാലയളവിലും 77 കാരനായ ബൈഡനായിരുന്നു വൈസ് പ്രസിഡന്റ്. യു.എസിലെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ബൈഡന്‍ ട്രംപിനേക്കാള്‍ ഒമ്പത് പോയിന്റുകള്‍ക്ക് മുന്നിലാണ്. എന്നിരുന്നാലും കൊവിഡില്‍ നിന്നും മുക്തനായ ട്രംപ് വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ സജീവമായിട്ടുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒരു വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ഡെമോക്രാറ്റിക് നേതാവായാണ് ഒബാമയെ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ അദ്ദേഹം പ്രചാരണത്തിലേക്ക് കടക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ പറയുന്നത്.
അടുത്തിടെ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ ട്രംപിനെതിരെ ശക്തമായ ആക്രമണം നടത്തിയിരുന്നു. ‘ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അദ്ദേഹത്തിന്റെ ജോലികള്‍ നിറവേറ്റിയിട്ടില്ല. കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന് അതിന് കഴിയില്ല’, എന്നായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഒബാമ പറഞ്ഞത്.
ട്രംപിന്റെ ആ പരാജയത്തിന്റെ അനന്തരഫലങ്ങള്‍ കഠിനമാണെന്നും കൊവിഡില്‍ 170,000 അമേരിക്കക്കാര്‍ ഇതിനകം മരിച്ചെന്നും ഒബാമ പറഞ്ഞിരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ലോകത്തിനു മുന്‍പില്‍ എക്കാലത്തും തലയുയര്‍ത്തിപ്പിച്ചിട്ടുള്ള നമ്മള്‍ മോശക്കാരായി മാറിയെന്നും ഒബാമ പറഞ്ഞിരുന്നു.
നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ ഭീഷണികള്‍ക്ക് വഴങ്ങേണ്ടി വന്നത് ട്രംപിന്റെ കാലത്താണെന്നും ഒബാമ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഒബാമ ഒരിക്കലും ഒരു നല്ല തെരഞ്ഞെടുപ്പ് പ്രചാരകനല്ലെന്നും 2016 ല്‍ അവര്‍ നന്നായി ജോലി ചെയ്യാത്തതുകൊണ്ടാണ് താന്‍ ഇപ്പോള്‍ പ്രസിഡന്റായി ഇരിക്കുന്നതെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Barack Obama to campaign for Biden and Kamala Harris