വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രചാരണത്തിനിറങ്ങുന്നു. അടുത്തയാഴ്ച പെന്‍സില്‍വാനിയയിലാണ് ഒബാമ പ്രചരണത്തിനിറങ്ങുന്നതെന്ന് ബൈഡന്‍ ക്യാമ്പ് അറിയിച്ചു.
ബൈഡനും കമലാ ഹാരിസിനും വേണ്ടി നേരത്തേയും ഒബാമ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങുന്നത് ഇതാദ്യമാണ്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങി നാല് വര്‍ഷം പിന്നിട്ടെങ്കിലും ഒബാമയുടെ ജനപ്രീതിയില്‍ ഇപ്പോഴും ഇടിവ് സംഭവിച്ചിട്ടില്ല.
ഒക്ടോബര്‍ 21 ബുധനാഴ്ച ഒബാമ പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയിലേക്ക് പുറപ്പെടുമെന്ന് ബൈഡന്‍ ക്യാമ്പയിന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഒബാമ പ്രസിഡന്റായിരുന്ന രണ്ട് കാലയളവിലും 77 കാരനായ ബൈഡനായിരുന്നു വൈസ് പ്രസിഡന്റ്. യു.എസിലെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ബൈഡന്‍ ട്രംപിനേക്കാള്‍ ഒമ്പത് പോയിന്റുകള്‍ക്ക് മുന്നിലാണ്. എന്നിരുന്നാലും കൊവിഡില്‍ നിന്നും മുക്തനായ ട്രംപ് വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ സജീവമായിട്ടുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒരു വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ഡെമോക്രാറ്റിക് നേതാവായാണ് ഒബാമയെ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ അദ്ദേഹം പ്രചാരണത്തിലേക്ക് കടക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ പറയുന്നത്.