ട്രംപിനു കീഴില്‍ മതഭ്രാന്തും പ്രാദേശികവാദവും വളരുന്നു; ജനാധിപത്യം സംരക്ഷിക്കാന്‍ യു.എസ് ജനതയോട് ആഹ്വാനം ചെയ്ത് ഒബാമ
World
ട്രംപിനു കീഴില്‍ മതഭ്രാന്തും പ്രാദേശികവാദവും വളരുന്നു; ജനാധിപത്യം സംരക്ഷിക്കാന്‍ യു.എസ് ജനതയോട് ആഹ്വാനം ചെയ്ത് ഒബാമ
എഡിറ്റര്‍
Friday, 8th December 2017, 11:22 am

ചിക്കാഗോ: അമേരിക്കക്കാര്‍ ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ചിക്കാഗോയിലെ ഇക്‌ണോമിക് ക്ലബ്ബില്‍ നടത്തിയ പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്.

അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉയര്‍ച്ച ചൂണ്ടിക്കാട്ടിക്കൊണ്ടാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു കീഴില്‍ മതഭ്രാന്തും, പ്രാദേശികവാദവും ഉയര്‍ന്നുവരുന്നതിനെതിരെ ഒബാമ പ്രസംഗത്തില്‍ മുന്നറിയിപ്പു നല്‍കിയത്. ട്രംപിന്റെ പേരെടുത്തു പറയാതെയായിരുന്നു ഒബാമയുടെ വിമര്‍ശനം.

“നമ്മള്‍ ഈ ജനാധിപത്യ പൂങ്കാവനം സംരക്ഷിക്കണം. ഇല്ലെങ്കില്‍ എല്ലാം പെട്ടെന്ന് തകരും” എന്നായിരുന്നു ഒബാമയുടെ പരാമര്‍ശം.


Also Read:  ‘മുഹമ്മദ് ഭട്ടാ ഷെയ്ക്കിനെ ചുട്ടുകൊന്നത് കുറ്റകൃത്യമായി കരുതുന്നില്ല’ പൊലീസ് സ്റ്റേഷനില്‍ നിന്നും ശംഭുനാഥ് റൈഗര്‍


“ആറു മില്യണ്‍ ജനങ്ങളാണ് മരിച്ചത്. അതിനാല്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എന്നിട്ടു വോട്ടു ചെയ്യൂ.” രണ്ടാം ലോകമഹായുദ്ധകാലത്തെ മരണസംഖ്യ ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഒബാമയുടെ പരാമര്‍ശത്തിനെതിരെ ട്രംപ് അനുകൂലികള്‍ രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കക്കാര്‍ ഡെമോക്രാറ്റുകള്‍ക്കു വോട്ടു ചെയ്യണം ഇല്ലെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ മരണപ്പെടുമെന്ന സൂചനയാണ് ഒബാമ പ്രസംഗത്തിലൂടെ നല്‍കാന്‍ ശ്രമിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച ഒബാമയുടെ നടപടി ദേശദ്രോഹപരമാണെന്നും ട്രംപ് അനുകൂലികള്‍ ട്വിറ്ററിലൂടെ ആരോപിക്കുന്നു.