ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ പള്ളി പൊളിച്ചുമാറ്റിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ഗരീബ് നവാസ് പള്ളിയാണ് പൊളിച്ചുമാറ്റിയത്.
മുന്‍കൂര്‍ അറിയിപ്പികളൊന്നുമില്ലാതെയാണ് ബാരബങ്കി ഭരണകൂടം പള്ളി പൊളിച്ചുമാറ്റിയതെന്ന് ബോര്‍ഡ് പറഞ്ഞു.
പൊലീസ് സഹായത്തോടെ തിങ്കളാഴ്ച രാത്രിയാണ് പള്ളി പൊളിച്ചതെന്ന് മുസ്‌ലീം വ്യക്തിനിയമബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് അറിയിച്ചു.
‘പള്ളിയുമായി ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പള്ളിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് പള്ളി കമ്മിറ്റിയോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു,’ മൗലാനാ ഖാലിദ് പറഞ്ഞു.
മെയ് 31 വരെ പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
അനധികൃത നിര്‍മ്മാണമാണെന്ന് കാണിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ചായിരുന്നു പള്ളി പൊളിച്ചുമാറ്റിയത്. കഴിഞ്ഞ മാര്‍ച്ച് 15 നാണ് പള്ളി അനധികൃത നിര്‍മ്മാണമാണെന്ന് പറഞ്ഞുകൊണ്ട് പള്ളിക്കമ്മറ്റിക്ക് നോട്ടീസ് ജില്ലാഭരണകൂടം അയച്ചത്.
തുടര്‍ന്ന് 1956 മുതല്‍ പള്ളിക്ക് വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നും നിര്‍മ്മാണം അനധികൃതമല്ലെന്നും പള്ളിക്കമ്മറ്റി മറുപടി നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം ഇത് നിരാകരിച്ചു. തുടര്‍ന്ന് മാര്‍ച്ച് 19ന് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്നാണ് മേയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്ന് ഏപ്രില്‍ 24ന് ഹൈകോടതി ഉത്തരവിട്ടത്. പള്ളിക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്നെന്നും ആയിരക്കണക്കിന് ആളുകള്‍ ദിവസത്തില്‍ അഞ്ച് തവണ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ടായിരുന്നെന്നും പള്ളി കമ്മിറ്റിയിലുള്ള മൗലാന അബ്ദുള്‍ മുസ്തഫ പറഞ്ഞു.
ഭയം കാരണം ഒരാളും പള്ളിപൊളിക്കുന്നിടത്തേക്ക് പോയില്ല. പള്ളി പൊളിക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ ധൈര്യപ്പെട്ടില്ല. ഇന്നും പൊലീസിനെ ഭയന്ന് നിരവധി ആളുകള്‍ വീട് വിട്ട് മറ്റ് പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തനിക്ക് ഒരു പള്ളിയും അറിയില്ല. നിയമവിരുദ്ധമായ ഒരു നിര്‍മ്മാണമുണ്ടെന്നറിയാം. ഉത്തര്‍പ്രദേശ് ഹൈക്കോടതി ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. അതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ആദര്‍ശ് സിംഗ് പറഞ്ഞത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ്മദ് ഫാറൂഖി ശക്തമായി അപലപിച്ചു. പള്ളി പൊളിച്ചുമാറ്റിയത് നിയമ വിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും ഏപ്രില്‍ 24 ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് തീര്‍ത്തും ലംഘിച്ചതാണെന്നും ഫറൂഖി പറഞ്ഞു.
പള്ളി പുന:സ്ഥാപിക്കുന്നതിനായി ബോര്‍ഡ് ഉടന്‍ തന്നെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക