രമേശ് ചെന്നിത്തല, ജേക്കബ് തോമസ്, ജോസഫ് വാഴയ്ക്കല്‍, പി.സി ജോര്‍ജ് എന്നിവര്‍ പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ ഒരുമിച്ചിരുന്നാണ് ബാര്‍ കോഴക്കേസില്‍ മാണിയെ ഫ്രെയിം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
കൊച്ചി: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ ഗൂഢാലോചന നടന്നതായി കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തല, പി.സി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നു അന്വേഷണത്തില്‍ വ്യക്തമായതായാണ് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സി.എഫ് തോമസ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ഈ കണ്ടെത്തല്‍. ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി ജോസ്, ആന്റണി രാജു, ടി.എസ് ജോണ്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു.
71 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് കമ്മിറ്റി കേരളാ കോണ്‍ഗ്രസിനു സമര്‍പ്പിച്ചത്. 2016 മാര്‍ച്ച് 31നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിട്ടാല്‍ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാല്‍ അതിന്റെ പാപഭാരം പാര്‍ട്ടിക്കുമേലാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനുശേഷം മുന്നണി വിട്ടത്.
രമേശ് ചെന്നിത്തല, ജേക്കബ് തോമസ്, ജോസഫ് വാഴയ്ക്കല്‍, പി.സി ജോര്‍ജ് എന്നിവര്‍ പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ ഒരുമിച്ചിരുന്നാണ് ബാര്‍ കോഴക്കേസില്‍ മാണിയെ ഫ്രെയിം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള, ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്.പി ആര്‍. സുകേശന്‍, ബിജു രമേശ് തുടങ്ങിയവര്‍ ഗൂഢാലോചനയുടെ പല ഘട്ടങ്ങളിലും പങ്കെടുത്തു.
മുഖ്യമന്ത്രി പദമായിരുന്നു രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. പാലായിലെ നേതാവാകുകയായിരുന്നു ജോസഫ് വാഴയ്ക്കന്റെ ആഗ്രഹം. മുമ്പ് മൂന്നു തവണ മത്സരിച്ച് പരാജയപ്പെട്ട എം.എം ജേക്കബിന് ആ വിരോധമാണ് മാണിയോടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.