തിരുവനന്തപുരം: പുതിയ ബാര്‍കോഴ ആരോപണത്തില്‍ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കി ക്രൈംബ്രാഞ്ച്. വിവാദ ശബ്ദസന്ദേശം പുറത്തായ ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അര്‍ജുന്‍ രാധാകൃഷ്ണനായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഈ മാസം 14ന് ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്താനാണ് നിര്‍ദേശം. നേരത്തെ പലതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് കൈപറ്റാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇമെയില്‍ വഴിയാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം താന്‍ ഇപ്പോള്‍ ആ ഗ്രൂപ്പിലിലെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ആ ഗ്രൂപ്പിലുണ്ടായിരുന്നു എന്നും എന്നാല്‍ താന്‍ അഡ്മിനായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
ബാര്‍കോഴ ആരോപണത്തില്‍ യു.ഡി.എഫ് നിയമസഭയിലേക്ക് മാര്‍ച്ച നടത്താനാനിരിക്കെയാണ് ഇപ്പോള്‍ മുതിര്‍ന്ന യു.ഡി.എഫ് നേതാവിന്റെ മകനും നേരത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ വക്താക്കളുടെ ലിസ്റ്റിലേക്ക് ഇടംപിടിക്കുകയും ചെയ്ത അര്‍ജുനെതിരെ ക്രൈംബ്രാഞ്ചിന്റെ നടപടി.
ക്രൈംബ്രാഞ്ച് കണ്ടെത്തലുകളെ അര്‍ജുന്‍ പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്. താന്‍ ബാര്‍ അസോസിയേഷനില്‍ അംഗമല്ലെന്നും അത്തരത്തിലൊരു യോഗത്തിലും പങ്കെടുത്തിട്ടില്ല എന്നും അര്‍ജുന്‍ പറയുന്നു. തനിക്ക് നോട്ടീസ് അയച്ച് വിവാദം വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാറിന്റേത് ചീപ്പ് നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
content highlights: Bar Owners Whatsapp Group Admin Son of Thiruvanjoor; will testify on the allegation