ചെന്നൈ: ബാറുടമകള്‍ കോഴ നല്‍കി സ്റ്റാര്‍ പദവി സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി അന്വേഷണവും റെയ്ഡും ആരംഭിച്ച് സി.ബി.ഐ. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലാണ് റെയ്ഡ നടക്കുന്നത്. ഇതുവരെ 55 ലക്ഷം രൂപ റെയ്ഡില്‍ പിടിച്ചെടുത്തു കഴിഞ്ഞു.
ഇന്ത്യാ ടൂറിസത്തിന്റെ ചെന്നൈയിലെ റിജീയണല്‍ ഉദ്യോഗസ്ഥരാണ് ഹോട്ടല്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയത്. ചെന്നൈയിലെ റീജിയണല്‍ ഡയറക്ടറായ സഞ്ജയ് വാട്‌സ്, അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണ എന്നിവര്‍ക്കാണ് കോഴ നല്‍കിയതെന്നും സി.ബി.ഐ അറിയിക്കുന്നു. ഇടനിലക്കാര്‍ വഴി കോഴ കൈമാറുകയായിരുന്നെന്നും സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ സഞ്ജയ് വാട്‌സനെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ സി.ബി.ഐ തടഞ്ഞു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇയാളുടെ ഫോണില്‍ നിന്നും കോഴ നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരു മാസത്തിലേറെയായി ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും സി.ബി.ഐ നിരീക്ഷിച്ചു വരികയായിരുന്നു. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഹോട്ടലുകള്‍ക്കാണ് ഇത്തരത്തില്‍ കോഴ വാങ്ങി ഉദ്യോഗസ്ഥര്‍ സ്റ്റാര്‍ പദവി നല്‍കിയതെന്ന് സി.ബി.ഐ പറയുന്നു.
ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജിയണല്‍ ഓഫീസാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കുന്നത്. അതിനാല്‍ തന്നെ വിവിധ ഹോട്ടലുകളും ഏജന്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് കേരളത്തില്‍ സി.ബി.ഐയുടെ റെയ്ഡ് പുരോഗമിക്കുന്നകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക